ബംഗളൂരു: കോൺഗ്രസ് എം എൽ എ എന്‍.എ.ഹാരിസിന്റെ മകന് റസ്റ്റോറന്റിൽവെച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മകന് മുഹമ്മദ് നാലപ്പാട് പോലീസിൽ കീഴടങ്ങി. ബംഗളൂരു ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയാണ് പ്രതി മുഹമ്മദ്.സംഭവത്തെ തുടര്‍ന്ന് ആറ് വര്‍ഷത്തേക്ക് നാലപ്പാടിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.കേസില്‍ അറസ്റ്റ് രേഖപ്പെടുത്താതിരുന്ന കബണ്‍ പാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയ് ഹദഗലിയെ സസ്പെൻഡ് ചെയ്തു.
നഗരത്തിലെ പ്രമുഖ വ്യവസായിയുടെ മകന് വിദ്വതിനാണ് മര്‍ദനമേറ്റത്. ശനിയാഴ്ച അര്‍ധരാത്രി യു.ബി സിറ്റിയിലെ റസ്റ്റാറന്റിലാണ് സംഭവം. നാലാഴ്ച മുമ്പ് നടന്ന അപകടത്തില്‍ കാലിന് പരിക്കേറ്റ വിദ്വതിനെയും കൂട്ടി സുഹൃത്ത് പ്രവീണ്‍ റസ്റ്റാറന്റിലെത്തിയതായിരുന്നു. പ്ലാസ്റ്ററുള്ളതിനാല് വിദ്വത് കാല് നീട്ടിയാണ് ഇരുന്നിരുന്നത്. ഈസമയം ഇവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുഹമ്മദ് ഹാരിസ് വിദ്വതിനോട് കാല് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്ലാസ്റ്ററുള്ളതിനാല് കഴിയില്ലെന്ന് പറഞ്ഞു. ഇതില്‍ രോഷാകുലനായാണ് മുഹമ്മദും സംഘവും യുവാവിനെ മര്‍ദിച്ചത്.
മുഖത്തും മറ്റും പരിക്കേറ്റ് തളര്‍ന്നുവീണ വിദ്വതിനെ ഉടന്‍തന്നെ സമീപത്തെ മല്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ ഇവിടെയെത്തിയും മുഹമ്മദ് നാലപ്പാടും സംഘവും മര്‍ദിച്ചതായും ഭീഷണിപ്പെടുത്തിയതായും വിദ്വത് പോലീസിൽ നല്കിയ പരാതിയില്‍ പറയുന്നു.പോലീസില്‍ പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദനം.
മുഹമ്മദിന്റെ സുഹൃത്തുക്കളായ ബാലകൃഷ്ണ, മഞ്ജുനാഥ്, അഭിഷേക്, അരുണ്‍, നസീബ് എന്നിവരെ ഞായറാഴ്ച ഉച്ചയോടെ കബണ്‍ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments