കൊച്ചി: മരിച്ചു പോയ എന്റെ അമ്മയുടെ അതേ മുഖം.. ഞാന്‍ നിങ്ങളെ അമ്മേ എന്ന് വിളിച്ചോട്ടെ. ആഡംബര വേഷത്തില്‍ കാറുലെത്തിയ അജ്ഞാത സ്ത്രീയുടെ അഭിനയത്തില്‍ വീണുപോയ വയോധികയുടെ മാല കവര്‍ന്ന കേസില്‍ പ്രതിയ്ക്കു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
വയോധികയെ കബളിപ്പിച്ചു മാല തട്ടിയ സംഭവത്തിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കലൂര്‍ സെന്റ് ഫ്രാന്‍സീസ് പള്ളി പരിസരത്ത് വച്ചായിരുന്നു സംഭവം. മരിച്ചു പോയ അമ്മയെ പോലെയാണെന്നു പറഞ്ഞ് അടുത്തു കൂടിയാണ് പ്രതി കലൂര്‍ കീറ്റുപമ്പില്‍ എല്‍സി സേവ്യര്‍ എന്ന എഴുപത്തെട്ടുകാരിയുടെ മാല കവര്‍ന്നത്. സെന്റ് ഫ്രാന്‍സീസ് പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു സംഭവം.
എല്‍സിയോടൊപ്പം സഹോദരിയുടെ വീട്ടിലെത്തിയ സ്ത്രീ തന്റെ മോതിരം ഊരി നല്‍കുകയും എല്‍സിയുടെ സഹോദരി റെജിക്കു കുറച്ചു പണവും നല്‍കി. കൂടാതെ, ഭര്‍ത്താവിന്റെ ചികിത്സയ്ക്കു സഹായവും വാഗ്ദാനവും ചെയ്തു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണെന്നും കതൃക്കടവിലാണ് താമസമെന്നുമാണു പറഞ്ഞിരുന്നത്. വീട്ടില്‍നിന്ന് എല്‍സിയോടൊപ്പം പുറത്തേക്കിറങ്ങിയ സ്ത്രീ തന്റെ കഴുത്തിലെ വലിയ മാല എല്‍സിയുടെ കഴുത്തിലിട്ടു കൊടുത്തു. ഇതിനു പകരം എല്‍സിയുടെ കഴുത്തിലെ മൂന്നു പവനോളം വരുന്ന മാല വാങ്ങിയിട്ടു.
താത്കാലികമായി വാങ്ങിയതാണെന്നും അടുത്തദിവസം തന്നെ തിരികെ നല്‍കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. കബളിപ്പിച്ച ശേഷം സ്ത്രീ കാറില്‍ പോയി. അടുത്ത ദിവസം ചൊറിച്ചില്‍ അനുഭവപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായതായി എല്‍സിക്കു മനസിലായത്. കലൂരില്‍ മോഷണം നടത്തിയ സ്ത്രീ ആഡംബര വേഷത്തില്‍ കറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണു പോലീസിനു ലഭിച്ചിട്ടുള്ളത്.
സമാനമായ രീതിയില്‍ ഇവര്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും എത്രയും വേഗം പ്രതിയെ പിടികൂടുമെന്നു നോര്‍ത്ത് പോലീസ് അറിയിച്ചു.
Post Your Comments