വാണ്ടറേറ്‌സ്: ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം ട്വന്റി20യില്‍ തീര്‍ക്കാം എന്ന കണക്ക്കൂട്ടലില്‍ എത്തിയ ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ അവസാനിച്ചു.
ഇന്ത്യയ്ക്കായി ബാറ്റിംഗില്‍ ശിഖര്‍ ധവാനും ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറുമാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. 39 പന്തില്‍ രണ്ട് സിക്‌സും 10 ഫോറും സഹിതം 72 റണ്‍സാണ് ധവാന്‍ നേടിയത്. ബൗളിംഗിലാകട്ടെ ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും നേടി. ഭുവനേശ്വര്‍ തന്നെയായിരുന്നു കളിയിലെ താരവും.
ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ 9 പന്തില്‍ 21 റണ്‍സ് നേടി. രണ്ട് സിക്‌സും രണ്ട് ഫോറും നിന്ന സമയം രോഹിത് നേടി. നാളുകള്‍ക്ക് ശേഷം ടീമില്‍ തിരികെ എത്തിയ സുരേഷ് റെയ്‌നയും മോശമാക്കിയില്ല. ഒരു സിക്‌സും രണ്ട് ഫോറും സഹിതം ഏഴ് പന്തില്‍ 15 റണ്‍ റെയ്‌ന നേടി. നായകന്‍ കോഹ്ലി 20 പന്തില്‍ 26 റണ്‍സുമായി പുറത്തായി. മനീഷ് പാണ്ഡെ 29, ധോണി 16, പാണ്ഡ്യ 13 റണ്‍സ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര എറിഞ്ഞിടുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഹെന്‍ഡ്രിക്‌സും(70) ബെഹര്‍ദീനും(39) മാത്രമാണ് അല്‍പമെങ്കിലും ഇന്ത്യന്‍ ബൗളേഴ്‌സിനെ ചെറുത്ത് നിന്നത്. അഞ്ച് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറിനെ കൂടാതെ ജയദേവ് ഉനട്കട്, ഹര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ഓരോ വിക്കറ്റ് നേടി.
Post Your Comments