മണിപ്പൂര്‍ : സ്‌കൂളില്‍ മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തിയതാണു വിദ്യാഭ്യാസ മന്ത്രി. ക്ലാസിലൊക്കെ ആവശ്യത്തിനു കുട്ടികളുണ്ടോ എന്ന ചോദ്യത്തിന് എല്ലാം ഓകെയെന്നു സ്‌കൂള്‍ അധികൃതര്‍ മറുപടിയും നല്‍കി. എന്നാല്‍ ക്ലാസിലെത്തിയ വിദ്യാഭ്യാസ മന്ത്രി കണ്ടതു വിദ്യാര്‍ഥികള്‍ക്കു പകരം മേഞ്ഞു നടക്കുന്ന ആടുകളെയാണ്. മണിപ്പൂരിലെ വിദ്യഭ്യാസ മന്ത്രിയാണ് മുന്നറിയിപ്പ് ഇല്ലാതെ സ്‌കൂള്‍ സന്ദര്‍ശിച്ചത്. ഖെലാഖോങ്ങിലുള്ള സ്‌കൂളിലാണു സംഭവം.
സ്‌കൂളിലെ അധ്യാപകരെ അറിയിക്കാതെ സര്‍പ്രൈസ് സന്ദര്‍ശനത്തിനെത്തിയതാണു മന്ത്രി ടി. രാധേശ്യാം. അഞ്ചു വര്‍ഷം മുന്‍പ് 200 ഓളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ 32 വിദ്യാര്‍ഥികളുണ്ടെന്നാണു സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ സ്‌കൂളില്‍ മന്ത്രി കണ്ടു മുട്ടിയത് ആകെ രണ്ടു വിദ്യാര്‍ഥികളെ. വിദ്യാര്‍ഥികള്‍ ഇല്ലെങ്കിലും രണ്ടു ക്ലാസ് മുറികളില്‍ ആടുകള്‍ ഹാജരായിരുന്നു.
ഹെഡ്മാസ്റ്റര്‍ ഒഴികെ രണ്ട് അധ്യാപകര്‍ ഉണ്ടെങ്കിലും അവരും ആ സമയം സ്‌കൂളിലുണ്ടായിരുന്നില്ല. സ്‌കൂളിലെത്താതെ കറങ്ങി നടക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ക്ലാസ് മുറികള്‍ നന്നാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments