കോട്ടയം: കോട്ടയം അറുപറയില്‍ നിന്നു പത്തുമാസം മുമ്പ് കാണാതായ ദമ്പതികള്‍ രാജസ്ഥാനിലെ അജ്മീരിലുള്ളതായി സംശയം. ചില സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം അടുത്തയാഴ്ച തീര്‍ഥാടന കേന്ദ്രമായ അജ്മീരിലേക്കു പോകും.
കഴിഞ്ഞ ഏപ്രില്‍ ആറിനാണ് രാത്രിയിൽ ഭക്ഷണം കഴിക്കാൻ പുറത്തുപോയ കുമ്മനം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) ദമ്പതികളെ കാർ ഉൾപ്പെടെ കാണാതായത്. ഇവരെ കണ്ടെത്താന്‍ പുതുതായി അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിലെ ഡിെവെ.എസ്.പി. സേവ്യര്‍ സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള സംഘമാണ് അജ്മീരിലേക്കു പോകുക.
ഇവർ പോകാന്‍ സാധ്യതയുള്ള ഏര്‍വാടി, മുത്തുപ്പേട്ട, ബീമാപള്ളി, ആറ്റാന്‍കര തുടങ്ങിയ ദര്‍ഗകള്‍ കേന്ദ്രീകരിച്ച് നേരത്തെ കേസ് അന്വേഷിച്ച പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നുവെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.അന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയുള്ള അന്വേഷണത്തില്‍ രൂപസാദൃശ്യമുള്ള ചിലരെ കണ്ടുമുട്ടിയെന്ന തരത്തിലുള്ള ചിലസന്ദേശങ്ങളും ലഭിച്ചിരുന്നുവെങ്കിലും എല്ലാം വ്യാജമായിരുന്നു.
ഇതിനിടെയാണ് അജ്മീരില്‍ അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ഇതിനൊപ്പം രാജ്യത്തെ റെയില്വേസ്റ്റേഷന്, വിമാനത്താവളം, തീര്ഥാടകേന്ദ്രങ്ങള് തുടങ്ങിയ സ്ഥലങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഫലം കാണാതെ വന്നതോടെയാണ് ഡിസംബര്‍ ആദ്യവാരമാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
Post Your Comments