കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറു പേര് പോലീസ് കസ്റ്റഡിയില്‍. രഹസ്യ സങ്കേതത്തില്‍ പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്റെ നേതൃത്വത്തില്‍ നാല് സി.ഐമാരും 30 എസ്.ഐമാരുമടക്കം ഇരുന്നൂറോളം പോലീസുകാരാണ് തെരച്ചില്‍ നടത്തിയത്. ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ഒളിവില്‍ക്കഴിഞ്ഞ മുടക്കോഴിമലയിലും പരിശോധന നടത്തി.
പ്രതികള്‍ക്കായി പേരാവൂര്‍, ഇരിട്ടി മേഖലകളില്‍ പോലീസ് ഇന്നലെ വ്യാപകമായ പരിശോധന നടത്തിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു പോലീസ് നീക്കമെന്നാണു സൂചന. കണ്ണൂര്‍-മട്ടന്നൂര്‍ റോഡിലുള്ള വായാന്തോട് എന്ന സ്ഥലത്ത് ഒരു സ്ഥാപനത്തിലുള്ള നിരീക്ഷണ കാമറയില്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് കാറില്‍ വന്ന ഒരു സംഘം മറ്റൊരു കാറില്‍ കയറുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യത്തിലുള്ളവരെക്കുറിച്ചു പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. സി.പി.എം. പാര്‍ട്ടി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പ്രതികള്‍ മുഴക്കുന്ന്, മാലൂര്‍ സ്റ്റേഷന് പരിധിയില്‍ ഉള്ളതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പോലീസ് തെരച്ചില്‍ നടത്തിയത്.
Post Your Comments