ആലപ്പുഴ : പൊതുമരാമത്ത് ജീവനക്കാരന്‍റെ വീട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാരിന്റെ റോഡ് നിര്‍മ്മാണം.നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച് റോഡ് നിര്‍മ്മിച്ചത് പൊതുമരാമത്ത് വകുപ്പ് തന്നെയാണെന്ന് കുട്ടനാട് തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ചമ്പക്കുളത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച് കൊടുത്ത റോഡാണിത്. ഈ റോഡ് നേരെ പോയി എത്തുന്നത് ഒരു വീട്ടിലേക്ക് മാത്രമാണ്. ആ വീട്ടുടമസ്ഥനാകട്ടെ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരനും. 2013 ലാണ് ഈ അനധികൃത റോഡിനായുള്ള നീക്കം തുടങ്ങിയത്. അപേക്ഷ കിട്ടിയയുടന്‍ തന്നെ മറ്റൊന്നും ആലോചിക്കാതെ പണം പാസ്സാക്കി കൊടുത്തു. എട്ട് ലക്ഷം രൂപയാണ് അനുവദിച്ചത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം 2008ല്‍ പ്രാബല്യത്തില്‍ വന്നതോടെ പാടം നികത്തി റോഡ് നിര്‍മ്മിക്കണമെങ്കില്‍ സംസ്ഥാന തല നീരീക്ഷണ സമിതിയുടെ അനുവാദം വേണം.
Read also:ആയുഷ് വകുപ്പിന്റെ പൊതുമരാമത്ത് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കര്‍മ്മ പദ്ധതി
പ്രാദേശിക തല നീരീക്ഷണ സമിതിയാണ് ശുപാര്‍ശ ചെയ്യേണ്ടത്. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരനായ ഹരികുമാറിന്‍റെ വീട്ടിലേക്ക് മാത്രമായിരുന്നു റോഡ്. അതുകൊണ്ട് തന്നെ ഈ റോഡ് പൊതു ആവശ്യം എന്ന പരിഗണനയില്‍ വരില്ല. പ്രാദേശിക തല നിരീക്ഷണ സമിതിയോ സംസ്ഥാന തല നിരീക്ഷണ സമിതിയോ അനുവാദം നല്‍കിയതുമില്ല.
എന്നാൽ ഒരനുമതിയും കൂടാതെ നൂറുമീറ്ററിലേറെ പാടം നികത്തി പൊതുമരാമത്ത് വകുപ്പ് തന്നെ റോഡ് നിര്‍മ്മിച്ച് കൊടുത്തു. നാല് മീറ്റര്‍ മുകള്‍ ഭാഗത്തും താഴെ ആറ് മീറ്ററും വീതിയില്‍. കുട്ടനാട് പി.ഡബ്ല്യൂ.ഡി വിഭാഗമാണ് പണി പൂര്‍ത്തിയാക്കി കൊടുത്തത്. റോഡ് നിര്‍മ്മിച്ചത് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണെന്ന് കുട്ടനാട് തഹസില്‍ദാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഇനിയിപ്പോള്‍ നിയമമനുസരിച്ച് റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കേണ്ടിവരും.
Post Your Comments