ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ശക്തിയായി മുന്നേറുന്നു. പതിനൊന്നുമണിവരെ ഇരുപത്തിയേഴ് ശതമാനം പോളിങ് രേഖപ്പെടുത്തി. സി.പി.എമ്മും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന പോരാട്ടത്തില്‍ ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് ബിജെപി മല്‍സരിക്കുന്നത്. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്‍റെ പ്രതിച്ഛായയിലാണ് സി.പി.എമ്മിന്‍റെ പ്രതീക്ഷ. കോണ്‍ഗ്രസ് ഇത്തവണ ചിത്രത്തില്‍ പോലുമില്ല
ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിവുപോലെ ഗ്രാമനഗരവ്യത്യാസമില്ലാതെ കനത്തപോളിങ് തുടരുകയാണ്. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ രാവിലെതന്നെ വോട്ടു ചെയ്തു. അറുപതംഗ നിയമസഭയില്‍ അന്‍പത്തിഒന്‍പത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥി മരിച്ചതിനാല്‍ ചരിലാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു.
ഇരുപത്തിയഞ്ച് ലക്ഷത്തിലധികം വരുന്ന വോട്ടര്‍മാരില്‍ 12 ലക്ഷം സ്ത്രീകളാണ്. 31 ശതമാനം ഗോത്രവര്‍ഗജനതയുടെ വോട്ടാണ് വിധിനിര്‍ണയിക്കുന്നതില്‍ പ്രധാനം. കമ്മ്യൂണിസ്റ്റ് മുക്ത ഇന്ത്യയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ദേശീയഅധ്യക്ഷന്‍ അമിത് ഷായുടേയും നേതൃത്വത്തിലായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. 51 സീറ്റുകളില്‍ ബിജെപിയും 9 സീറ്റുകളില്‍ ഗോത്രവര്‍ഗപാര്‍ട്ടിയായ ഐപിഎഫ്ടിയും സഖ്യമായി മല്‍സരിക്കുന്നുണ്ട്.
എന്നാല്‍, ജാതിയുടേയും മതത്തിന്‍റേയും ഭാഷയുടേയും പേരില്‍ വിഭാഗീയത വളര്‍ത്തി ത്രിപുരയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്‍റെ ആരോപണം. അതേസമയം, നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൊഴിഞ്ഞുപോക്കാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി.
Post Your Comments