ദുബായ് : ദുബായ് ഇനി യാത്രക്കാരുടെ അടുത്തേക്ക്.ആവശ്യാനുസരണം യാത്രക്കാർക്ക് എത്തുന്ന ചെറുബസുകളുടെ പരീക്ഷണ ഓട്ടം ദുബായില്‍ ആരംഭിച്ചു. ബസ് ഓണ്‍ ഡിമാന്‍ഡ് എന്ന പേരില്‍ റോഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയാണ് ചെറുബസുകള്‍ നിരത്തില്‍ ഇറക്കിയിരിക്കുന്നത്. ദുബായില്‍ നടന്ന ചടങ്ങില്‍ ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മാത്തര്‍ അല്‍ തായര്‍ ആണ് പരീക്ഷണ ഓട്ടത്തിനായി ചെറുബസുകള്‍ പുറത്തിറക്കിയത്.
അല്‍ബര്‍ഷയിലും അല്‍വര്‍ഖയിലും ആണ് ദുബായ് ആര്‍ടിഎ ചെറുബസുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചിരിക്കുന്നത്. ജര്‍മ്മന്‍ സാങ്കേതികവിദ്യയില്‍ തയ്യാറാക്കിയ നൂതന ഗതാഗതസംവിധാനത്തിന്റെ സഹായത്താലാണ് ബസ് ആവശ്യക്കാരുടെ അടുക്കലേക്ക് എത്തുന്നത്. യാത്രക്കാര്‍ക്ക് തൊട്ടടുത്തുള്ള ബസുകള്‍ സ്മാര്‍ട്ട് ആപ്പ് വഴി കണ്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യാം.ബസ് എത്തേണ്ട സ്ഥലവും ലക്ഷ്യസ്ഥാനവും സ്മാര്‍ട്ട് ആപ്പില്‍ രേഖപ്പെടുത്താം. പ്രത്യേക സീറ്റ് വേണമെങ്കില്‍ അതും തെരഞ്ഞെടുക്കാം.
ബസ് ഡ്രൈവറും ഇതെ ആപ്പ് ഉപയോഗിച്ചാണ് യാത്രക്കാരുടെ സ്ഥാനവും പോകേണ്ട സ്ഥലവും റൂട്ടും എല്ലാം മനസിലാക്കുന്നത്.പതിനെട്ട് സീറ്റുകള്‍ ഉള്ള ബസുകള്‍ മൂന്ന് മാസം ആണ് പരീക്ഷണ ഓട്ടം നടത്തുക.ഈ സമയത്ത് യാത്രക്കാര്‍ക്ക് സൗജന്യമായി ബസില്‍ സഞ്ചരിക്കാം.ബസിന്റെ പ്രവർത്തന ക്ഷമത യാത്രക്കാരുടെ ആവശ്യകത ഇവയെല്ലാം പരീക്ഷണ ഓട്ട സമയങ്ങളിൽ അറിയാൻ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments