KeralaLatest NewsNews

ശസ്ത്രക്രിയയ്ക്കു ശേഷം യുവതി മരിച്ചു; ആശുപത്രി തല്ലിത്തകർത്ത് ബന്ധുക്കൾ

നെടുങ്കണ്ടം: പ്രസവ ശസ്ത്രക്രിയയ്ക്കു ശേഷം ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് യുവതി മരിച്ചു. തോപ്രാംകുടി പുഷ്പഗിരി പൂച്ചത്തുങ്കല്‍ സുധീഷിന്റെ ഭാര്യ അനുജ(24) യാണ് നെടുങ്കണ്ടം ജീവമാതാ ആശുപത്രിയില്‍ ഇന്നലെ മരിച്ചത്.

ശസ്ത്രക്രിയയിലെ പിഴവും അധികൃതരുടെ അനാസ്ഥയുമാണ് മരണത്തിനിടയാക്കിയതെന്നു ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രി അടിച്ചുതകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് ആശുപത്രി താല്‍കാലികമായി അടച്ചിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.

ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് അനുജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് അഞ്ചോടെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. 5.15 ന് ശാസ്ത്രക്രിയ പൂര്‍ത്തീകരിക്കുകയും പെണ്‍കുഞ്ഞിനെ ബന്ധുക്കളെ കാണിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അനുജയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശരീര വേദനഅനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയും ചെയ്തു.

വിവരം ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍ കുറച്ചു വേദന ഉണ്ടാകുമെന്നും ഇതെല്ലാം സഹിക്കണമെന്നുമാണ് പറഞ്ഞത്. തുടര്‍ന്ന് കുത്തിവയ്പ്പും നല്‍കി. ഈ സമയം ഡോക്ടര്‍ സ്ഥലത്തുണ്ടായിരുന്നില്ല. നഴ്സുമാരുടെ പരിചരണവും അനുജയ്ക്ക് ലഭിച്ചില്ല. പിന്നീട് വീട്ടുകാര്‍ ബഹളമുണ്ടാക്കിയതോടെ രാത്രി പതിനൊന്നോടെ ഡോക്ടര്‍ എത്തി കുത്തിവയ്പ്പ് നല്‍കി മടങ്ങി. പിന്നാലെ അനുജയുടെ സ്ഥിതി ഗുരുതരമായെന്നു ബന്ധുക്കള്‍ പറഞ്ഞു. 12 ഓടെ നെടുങ്കണ്ടത്തെ വിവിധ ആശുപത്രികളില്‍ നിന്നു ഗൈനക്കോളജി വിദഗ്ധരെ ആശുപത്രി അധികൃതര്‍ വിളിച്ചുവരുത്തുകയും അനുജ ഗുരുതരാവസ്ഥയിലാണെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ യുവതിയെ ഐ.സി.യുവില്‍ പ്രവേശിപ്പിപ്പിക്കാനോ ഓക്സിജന്‍ നല്‍കാനോ തയാറായില്ല. വിദഗ്ധ ചികിത്സക്കായി മറ്റു ആശുപത്രികളിലേക്കു മാറ്റാനും ഇവര്‍ തയാറായില്ലെന്നു ബന്ധുക്കള്‍ ആരോപിച്ചു.
പിന്നീട് ആശുപത്രിയിലെ കിടപ്പുരോഗികളെയും മറ്റുള്ളവരെയും സ്ഥലത്തു നിന്നു മാറ്റിയ ശേഷം പന്ത്രണ്ടേകാലിന് അനുജയുടെ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രിയുടെ ജനാലച്ചില്ലുകളും ഗ്ലാസുകളും അടിച്ചുതകര്‍ത്തു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും ആശുപത്രിക്കു നേരെ കല്ലേറ് നടത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. ഇതോടെ ആശുപത്രി ജീവനക്കാര്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ആശുപത്രി അധികൃതരുടെ കാറും കല്ലേറില്‍ തകര്‍ന്നു.

മന്ത്രി എം.എം മണിയും വിവിധ രാഷ്ട്രീയ നേതാക്കളും ആശുപത്രിയിലെത്തി. കട്ടപ്പന ഡി.വൈ.എസ്.പിയോട് വിവരങ്ങള്‍ ആരാഞ്ഞ മന്ത്രി യുവതിയുടെ ബന്ധുക്കളുമായി സംസാരിച്ചു. ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കി. അനുജയുടെ നവജാത ശിശുവിനെ നെടുങ്കണ്ടത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം അനുജയുടെ മൃതദേഹം സംസ്കാരം ഇന്ന് രാവിലെ 11 ന് പുഷ്പഗിരിയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button