തൃശൂര്‍: കോഴി വളര്‍ത്തലും സിപിഎം സംസ്ഥാന സമ്മേളനവും തമ്മിൽ വലിയൊരു ബന്ധമുണ്ട്. ഇത്തവണത്തെ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് ഭക്ഷണമൊരുക്കാനുള്ള കോഴികളെ പ്രവര്‍ത്തകര്‍ തന്നെ വളര്‍ത്തിയെടുത്തതാണ് എന്നതാണ് ആ ബന്ധം. സമ്മേളനത്തിനുള്ള മുഴുവന്‍ കോഴികളും ഇതിനോടകം തന്നെ വളര്‍ച്ചയെത്തി തയ്യാറായിക്കഴിഞ്ഞു.
Read also:കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്: എം.എം.ഹസന്‍
പാർട്ടി നേരിട്ട് ഫാമൊരുക്കിയാണ് കോഴികളെ തയ്യാറാക്കിയത്. ഗ്രീൻ പ്രോട്ടോകോളിനൊപ്പം സ്വയം പര്യാപ്തതയും പ്രചരിപ്പിക്കുകയാണ് പാർട്ടി ജില്ലാ ഘടകം ലക്ഷ്യമിടുന്നത്. സമ്മേളന പ്രതിനിധികൾക്ക് വിഭവസമൃദ്ധമായി ഭക്ഷണമൊരുക്കാനുള്ളതെല്ലാം സ്വയം ഉത്പാദിപ്പിക്കുകയാണ് പാർട്ടി.
മാള ഏരിയാ കമ്മറ്റിക്കായിരുന്നു കോഴികളെ വളർത്താനുള്ള ചുമതല. പുത്തൻചിറയിലെ കോവിലകത്ത് കുന്നിലെ ഫാമിൽ തയ്യാറാക്കിയ കൂട്ടിൽ അഞ്ഞൂറ് കോഴിക്കുഞ്ഞുങ്ങളെയാണ് വളർത്തിയത്. പാർട്ടി മെമ്പര്‍മാരായ ബീരു, മാലതി എന്നിവർക്കാണ് കോഴിയുടെ പരിപാലന ചുമതല. ഇതോടെ ഗ്രാമപ്രിയ ഇനത്തിലുള്ള കോഴികളിൽ നാനൂറോളം കോഴികള്‍ വളർച്ചയെത്തി.
തൊണ്ണൂറായിരം രൂപയോളമാണ് ഇതുവരെ ചെലവ് വന്നത്. സമ്മേളനത്തിന് ആവശ്യമുള്ള കോഴികളിൽ ബാക്കി വരുന്നത് വിൽപന നടത്താനാണ് പാർട്ടി തീരുമാനം. സമ്മേളനത്തിനാവശ്യമായ അരിയും പച്ചക്കറിയും മത്സ്യവുമെല്ലാം ഇതേ രീതിയിൽ പാർട്ടി കൃഷി നടത്തിയാണ് തയ്യാറാക്കിയത്. ഫെബ്രുവരി 22 മുതൽ 25 വരെയാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
Post Your Comments