കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ്സ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകികള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്ന് പൊലീസിന്റെ നിഗമനം. കൊലപാതക ശേഷം പുലര്‍ച്ചേ തന്നെ സംഘം ഫോര്‍ രജിസ്ട്രേഷന്‍ കാറില്‍ സ്ഥലം വിട്ടിരിക്കാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. പൊലീസ് അന്വേഷണം കര്‍ണ്ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കയാണ്. മുന്‍ കൂട്ടി തയ്യാറാക്കിയ അക്രമമായതിനാല്‍ തന്നെ ഈ മാര്‍ഗ്ഗം സ്വീകരിക്കാനാണ് കൂടുതല്‍ സാധ്യതയെന്ന് പൊലീസ് കരുതുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുന്നുണ്ട്. വെള്ള ഫോര്‍ രജിസ്ട്രേഷന്‍ വാഗണര്‍ കാറില്‍ മുഖം മൂടി ധരിച്ച നാലംഗ സംഘമാണ് അക്രമം നടത്തിയത്. തെരൂര്‍ എന്ന സ്ഥലത്ത് രാത്രി 11 മണിയോടെ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഷുഹൈബിനേയും സുഹൃത്തുക്കളേയും അക്രമിച്ചത്. വെട്ടേറ്റ് വീണ ഷുഹൈബിനെ ഇരുന്നു കൊണ്ട് ആഞ്ഞു വെട്ടുകയായിരുന്നു അക്രമികള്‍. 37 വെട്ട് ശരീരത്തിലേല്‍പ്പിച്ച ശേഷം മാത്രമാണ് അവര്‍ രക്ഷപ്പെട്ടത്.
പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ ഷുഹൈബ് വധക്കേസ് സിബിഐ.യെ ക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ നിന്നും ജില്ലാ നേതൃത്വത്തോട് സമ്മര്‍ദ്ദം ഏറിവരികയാണ്. മട്ടന്നൂരില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അക്കാര്യം ഉന്നയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വം നിയമപരമായ കാര്യങ്ങളും ആലോചിച്ചു വരികയാണ്. ഷുഹൈബിന് വെട്ടേറ്റ് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് വാഹന പരിശോധനക്ക് തയ്യാറായതെന്ന ആരോപണവും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.
ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം അക്രമികളുടെ വെട്ടിന്റെ എണ്ണം പറഞ്ഞ് ജനശ്രദ്ധ തിരിച്ചു വിടാനും കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിഞ്ഞു. 37 വെട്ട് എന്ന കോണ്‍ഗ്രസ്സ് പ്രചാരണം ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ 51 വെട്ടിന് തുല്യമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ശുഹൈബിന്റെ കൊലപാതകത്തിൽ രാഹുൽ ഗാന്ധി ഇടപെടുകയും ചെയ്തിരുന്നു.
Post Your Comments