പൂഞ്ഞാര്‍: പൂജ്യത്തിനും വിലയുണ്ടെന്ന് ഇപ്പോള്‍ പൂഞ്ഞാര്‍ പഞ്ചായതതിന് മനസിലായിക്കാണും. എഴുതിയപ്പോള്‍ ഒരു പൂജ്യം വിട്ടു പോയതോടെ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന് നഷ്ടമായത് ഒരു കോടി 53 ലക്ഷം രൂപയാണ്. റോഡ് അറ്റകുറ്റപ്പണിക്കുള്ള തുകയില്‍ നിന്നാണ് ഇത്ര ഭീമമായ നഷ്ടം സംഭവിച്ചത്. ഇതോടെ പഞ്ചായത്തിലെ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. അതിലും അമ്പരപ്പിക്കുന്ന കാര്യമെന്തെന്നാല്‍ പതിനഞ്ചുവര്‍ഷം മുന്‍പ് സംഭവിച്ച തെറ്റാണ് ഇപ്പോഴും തിരുത്താനാവാതെ തുടരുന്നത്.
സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെയാണ്. പതിനഞ്ചുവര്‍ഷം മുന്‍പ് ഒരു കോടി 70 ലക്ഷം രൂപയാണ് പഞ്ചായത്ത് തയാറാക്കിയതനുസരിച്ചു സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ടിയിരുന്നത്. തെറ്റ് സംഭവിച്ചതോടെ പഞ്ചായത്തിന് റോഡ് പണിക്കായി ലഭിച്ചത് 17 ലക്ഷം രൂപ മാത്രമായി ചുരുങ്ങി. പദ്ധതി തയാറാക്കിയവരും അംഗീകാരം നല്‍കിയവരും ഇതു കണ്ടില്ല. തെറ്റ് തിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പിന്നീട് പലവട്ടം ശ്രമിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. ധനമന്ത്രിയെ നേരില്‍കണ്ട് പറ്റിയ തെറ്റ് ബോധ്യപ്പെടുത്തുകയും ചെയ്തെങ്കിലും തെറ്റ് തിരുത്തി അംഗീകാരം ലഭിക്കാനുള്ള നടപടിക്രമങ്ങളിലെ താമസം തുടരുകയാണ്.
ഈ വര്‍ഷവും ഇത് തിരുത്താനായില്ലെങ്കില്‍ അടുത്തവര്‍ഷവും ഇതേ തുകയാവും ലഭിക്കുക. 14 വാര്‍ഡുകളാണ് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലുള്ളത്. അനേകം ചെറുറോഡുകളുള്ള ഗ്രാമപഞ്ചായത്തിന് ഈ തുക ഒന്നിനും തികയില്ല. അതുകൊണ്ടു തന്നെ പഞ്ചായത്ത് വാര്‍ഡുകളിലെ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണവും വൈകുകയാണ്. പ്ലാന്‍ഫണ്ട് തുക അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിക്കാമെങ്കിലും അത് പഞ്ചായത്തിന്റെ ആകെയുള്ള വികസനത്തിനു തിരിച്ചടിയാകും. സംഭവത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും ധനമന്ത്രിയുടെ ഒപ്പ് മാത്രമേ ഇനി ലഭിക്കാനുള്ളൂവെന്നുമാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
Post Your Comments