Latest NewsKeralaNews

മോദി സര്‍ക്കാര്‍ സാമ്പത്തിക തട്ടിപ്പുകാരുടെ കാവല്‍ക്കാരാകുന്നു – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം•മോദി സര്‍ക്കാര്‍ സാമ്പത്തിക തട്ടിപ്പുകാരുടെ കാവല്‍ക്കാരാകുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. 11400 കോടി രൂപയുടെ ക്രമക്കേട് നടത്തിയ തട്ടിപ്പുകാരന്‍ നീരവ് മോദി നരേന്ദ്ര മോദിയുടെ അടുത്ത സഹചാരിയായിരുന്നു എന്ന തെളിവുകള്‍ വന്നിരിക്കുകയാണ്. 2016 ജൂണ്‍ 16ന് തന്നെ ഹരിപ്രസാദ് എന്ന വ്യക്തി നീരവ് മോദിയുടെ ക്രമക്കേടുകളെപ്പറ്റി പ്രധാനമന്ത്രി ഓഫീസിന് വിവരം നല്‍കിയിട്ടും അത് പൂഴ്ത്തി വെക്കുകയാണ് ചെയ്തതെന്നും ഹമീദ് ആരോപിച്ചു.

ദാവോസില്‍ നടന്ന സാമ്പത്തിക ഫോറത്തില്‍ നീരവ് മോദി നരേന്ദ്ര മോദിയോടൊപ്പം പങ്കെടുത്തത് പ്രധാനമന്ത്രി തട്ടിപ്പുകാരന്റെ കാവല്‍ക്കാരനാണെന്ന് വ്യക്തമാക്കുന്നതാണ്. ലളിത് മോദിയെയും വിജയ്മല്യയെയും വിദേശത്തേക്ക് രക്ഷപ്പെടാന്‍ അനുവദിച്ചത് മോദി സര്‍ക്കാറാണ്. വിദേശത്ത് നിന്ന് കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത മോദി അത് വിഴുങ്ങി സകല സാമ്പത്തിക തട്ടിപ്പുകാരെയും വിദേശത്ത് സുഖവാസത്തിന് വിടുകയാണ്. അഴിമതിരഹിത ഭരണം എന്നത് വ്യാജ വാഗ്ദാനം മാത്രമാണ്. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന അദാനിയടക്കമുള്ള വന്‍കിട കോര്‍പ്പറേറ്റുകളെയും ഇത്തരത്തിലുള്ള സംഭവങ്ങളില്‍ പങ്കാളിയായ വിവരങ്ങള്‍ വൈകാതെ നാം കേള്‍ക്കേണ്ടിവന്നേക്കും. തട്ടിപ്പുകാരുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി എന്ന റെക്കോര്‍ഡ് നരേന്ദ്ര മോദി നേടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button