ന്യൂഡല്‍ഹി: ലണ്ടനിലെ പാഴ്വസ്തുശേഖരത്തില്‍നിന്ന് ഒരു ഡെക്കോട്ട വിമാനം ആകാശത്തിന്റെ അതിരുകള്‍ താണ്ടി അടുത്തമാസം ഡല്‍ഹിയില്‍ പറന്നിറങ്ങും. 2011-ലാണ് ലണ്ടനിലെ ഒരു പാഴ്വസ്തുവില്‍പ്പനക്കാരന്റെ കൈവശം ഡെക്കോട്ട വിമാനം രാജീവ് ചന്ദ്രശേഖര്‍ കണ്ടത്. വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ എം.കെ. ചന്ദ്രശേഖരന്‍ പറഞ്ഞുകൊടുത്ത കഥകളിലെ ഡെക്കോട്ട വിമാനം സ്വന്തമാക്കണമെന്നും വ്യോമസേനയ്ക്ക് സമ്മാനിക്കണമെന്നും രാജീവിനുണ്ടായ മോഹമാണ് ആറുവര്‍ഷത്തിനുശേഷം യാഥാര്‍ഥ്യമായത്.
രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറാണ് ചൊവ്വാഴ്ച ഡെക്കോട്ട വിമാനം സമ്മാനമായി വ്യോമസേനയ്ക്ക് കൈമാറിയത്. സേനാ ആസ്ഥാനത്തുനടന്ന ചടങ്ങില്‍, വിമാനത്തിന്റെ രേഖകള്‍ വ്യോമസേനാമേധാവി ബി.എസ്. ധനോവ രാജീവിന്റെ അച്ഛന്‍ റിട്ട. എയര്‍കമ്മഡോര്‍ എം.കെ. ചന്ദ്രശേഖരനില്‍നിന്ന് ഏറ്റുവാങ്ങി. മാര്‍ച്ചില്‍ ലണ്ടനില്‍നിന്ന് പറന്നെത്തുന്ന വിമാനം ഡല്‍ഹിക്കടുത്ത് ഹിന്‍ഡനിലെ വ്യോമസേനാകേന്ദ്രത്തില്‍ സൂക്ഷിക്കും. രണ്ടാം ലോകയുദ്ധകാലത്ത് രൂപകല്‍പ്പന ചെയ്തതും ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ചതുമായ ഈ വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ വിന്റേജ് വിമാന വിഭാഗത്തില്‍ മുതല്‍ക്കൂട്ടാകും.
ലണ്ടനിലെ കവന്‍ട്രി എയര്‍ഫീല്‍ഡില്‍ സൂക്ഷിച്ചിരിക്കുന്ന വിമാനം ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ്, ഈജിപ്ത്, ഒമാന്‍ തുടങ്ങിയ വ്യോമപാതകളിലൂടെ 4800 നോട്ടിക്കല്‍മൈല്‍ പറന്നാണ് ഡല്‍ഹിയിലെത്തുക. 1930-കളില്‍ രംഗത്തെത്തിയ ഡെക്കോട്ട വിമാനം അന്നത്തെ റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ഭാഗമായിരുന്നുവെന്ന് വ്യോമസേനാമേധാവി ബി.എസ്. ധനോവ പറഞ്ഞു. ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ കശ്മീരിനെ രക്ഷിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചു.
പൂഞ്ച് ഇന്ത്യയുടെ ഭാഗമായി നിലനില്‍ക്കുന്നത് ഡെക്കോട്ടയുടെ സേവനംമൂലമാണെന്ന് സൈനിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയതായും ധനോവ വ്യക്തമാക്കി. വിമാനം വാങ്ങി ആറുവര്‍ഷം അറ്റകുറ്റപ്പണിചെയ്താണ് പറക്കാനുള്ള നിലയിലാക്കിയത്. ‘പരശുരാമ’ എന്ന് പുനര്‍നാമകരണവും ചെയ്തു. ഡെക്കോട്ട പറത്തി പരിചയമുള്ള അച്ഛനുവേണ്ടിയാണ് വിമാനം സമ്മാനിച്ചതെന്നും വ്യോമസേനാ പോരാളികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ചടങ്ങിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments