തിരുവനന്തപുരം•മത്‌സ്യത്തിലെ മായം കണ്ടെത്തുന്നതിന് കേരളത്തിലെ എല്ലാ മത്സ്യ മാര്‍ക്കറ്റുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഫിഷറീസ് വകുപ്പ് പരിശോധന നടത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്‌സ്യത്തിലെ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ മായം കണ്ടെത്തുന്നതിന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. സിഫ്‌ടെസ്റ്റ് എന്ന പേരില്‍ രണ്ടു തരം പരിശോധന കിറ്റുകളാണ് തയ്യാറാക്കിയത്. ഒരു കിറ്റില്‍ 50 സ്ട്രിപ്പുകളുണ്ട്. സ്ട്രിപ്പ് മത്‌സ്യത്തിന്റെ പുറത്ത് ഉരസിയ ശേഷം പ്രത്യേക ലായനി പുരട്ടി മായം കലന്നിട്ടുണ്ടോയെന്ന് കണ്ടെത്താം. മായം ചേര്‍ന്നിട്ടുണ്ടെങ്കില്‍ സ്ട്രിപ്പില്‍ നിറ വ്യത്യാസം ഉണ്ടാവും.
പതിനാലു ജില്ലകളിലെയും വിവിധ മാര്‍ക്കറ്റുകളില്‍ ആറു മാസത്തെ പരീക്ഷണ പരിശോധന പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 18 ശതമാനം മത്‌സ്യത്തില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. മത്‌സ്യത്തില്‍ മായം ചേര്‍ക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് പുറത്തു നിന്ന് വരുന്ന മത്‌സ്യത്തിലാണ് കൂടുതല്‍ മായം കണ്ടെത്തിയിട്ടുള്ളത്. അമോണിയയുടെ അനുവദനീയ അളവ് 300 പി. പി. എമും ഫോര്‍മാള്‍ഡിഹൈഡിന്റേത് നാല് പി. പി. എമുമാണ്. ഒരു സ്ട്രിപ്പിന് രണ്ടു രൂപ വില വരും. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമ്പോള്‍ വില കുറയും. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
മത്‌സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലൂടെ തുറമുഖങ്ങളില്‍ നിന്ന് മത്‌സ്യമെടുത്ത് മാര്‍ക്കറ്റിലെത്തിക്കുന്ന സംവിധാനം ഫിഷറീസ് വകുപ്പ് പരിഗണിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് നിയമനിര്‍മാണം വേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ നേട്ടം ജനങ്ങളിലെത്തിക്കുന്നതിന് വകുപ്പ് മുന്‍ഗണന നല്‍കുന്നതായും മന്ത്രി അറിയിച്ചു. ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള തീരദേശ പാക്കേജ് നടപ്പാക്കുന്നതിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം വിവര ശേഖരണം പൂര്‍ത്തിയാക്കും. ഇതിനു ശേഷം അന്തര്‍ദ്ദേശീയ ഏജന്‍സി ഡി. പി. ആര്‍ തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ നേതൃത്വത്തില്‍ ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ പാളയം മാര്‍ക്കറ്റിലെത്തി മത്‌സ്യത്തില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ചു. വിവിധ ഇനം മത്‌സ്യങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മായം കണ്ടെത്തിയില്ല.
Post Your Comments