KeralaLatest NewsNews

സിംഗപ്പൂരിലേക്ക് ഇനി കുറഞ്ഞ ചെലവില്‍ പറക്കാം: ജെറ്റ് സ്റ്റാറിന്റെ ആദ്യ ഇന്ത്യന്‍ സര്‍വീസ് തിരുവനന്തപുരത്ത് നിന്ന്

തിരുവനന്തപുരം•സിംഗപ്പൂര്‍ ആസ്ഥാനമായ ജെറ്റ് സ്റ്റാര്‍ ഏഷ്യ എയര്‍വേയ്സ് സിംഗപ്പൂര്‍-തിരുവനന്തപുരം-സിംഗപ്പൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്നു. കമ്പനി ഇന്ത്യയിലേക്ക് ആദ്യമായി തുടങ്ങുന്ന സര്‍വീസ് ആണിത്. ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ തിരുവനന്തപുരത്ത് നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.

ജെറ്റ്സ്റ്റാര്‍ ഏഷ്യ സീനിയര്‍ നെറ്റ്‌വര്‍ക്ക് പ്ലാനര്‍ ജോവാന്‍ ചോ, വാണിജ്യവിഭാഗം മേധാവി ഫ്രാന്‍സി ലൂയി, തിരുവനന്തപുരം എയര്‍പോര്‍ട്ട്‌ അതോറിറ്റി മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി താരിഖ് ഹുസൈന്‍ ഭട്ട്, രഘുചന്ദ്ര നായര്‍, എം.ആര്‍. നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

തിരുവനന്തപുരത്ത് നിന്ന് സിംഗപ്പൂരിലേക്കും തിരിച്ചും പ്രതിദിനം ഓരോ സര്‍വീസ് ഉണ്ടാകും. 180 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന എയര്‍ബസ് എ320 വിമാനങ്ങളാകും ഈ റൂട്ടില്‍ ഉപയോഗിക്കുക.

ഓസ്ട്രേലിയന്‍ വിമാനക്കമ്പനിയായ ഖാന്റാസിന്റെ ഉപകമ്പനിയാണ് ബജറ്റ് എയര്‍ലൈനായ ജെറ്റ്സ്റ്റാര്‍.

സിംഗപ്പൂരില്‍ നിന്നും ഓസ്ട്രേലിയയിലേക്കും ലണ്ടനിലേക്കും ജെറ്റ്സ്റ്റാര്‍ ഏഷ്യയുടെ കണക്ഷന്‍ വിമാനങ്ങള്‍ ലഭിക്കും. നിലവില്‍ സിംഗപ്പൂരിലേക്കുള്ള ഏറ്റവും കുറഞ്ഞനിരക്കാകും ജെറ്റ് സ്റ്റാര്‍ ഏഷ്യയുടേതെന്നും കമ്പനി അവകാശപ്പെടുന്നു.

രണ്ടാംഘട്ടത്തില്‍ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നും സര്‍വീസ് നടത്താനും ജെറ്റ്സ്റ്റാര്‍ ആലോച്ചിക്കുണ്ട്.

കേരളം, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ നിന്ന് സിംഗപ്പൂരിലേക്ക് കൂടുതല്‍ യാത്രക്കാര്‍ ഉണ്ടെന്നത് കണക്കിലെടുത്താണ് തിരുവനന്തപുരം തെരഞ്ഞെടുത്തത്.

നിലവില്‍ തിരുവനന്തപുരത്ത് നിന്ന് സിംഗപ്പൂരിലേക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉപകമ്പനിയായ സില്‍ക്ക് എയറിന്റെ ഒരു നോണ്‍-സ്റ്റോപ് സര്‍വീസ് മാത്രമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button