വാലന്റൈന്‍ ദിനം ആഘോഷിക്കണോ വേണ്ടയോ എന്ന വളരെ വ്യക്തിപരമായ കാര്യം സംഘപരിവാര്‍ ഫാസിസം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന സമകാലീന ഇന്ത്യയില്‍ ഒരു രാഷ്ട്രീയനിലപാടായി മാറിയിട്ടുണ്ട്. പ്രണയിക്കാനുള്ള സ്വാതന്ത്ര്യത്തിനായി പോരാടുന്ന കേരളത്തിലെ സ്വവര്‍ഗപ്രേമികള്‍ക്ക് പ്രണയം എന്ന അടിസ്ഥാന ചോദനയെ പൊതുമണ്ഡലത്തിലേക്ക് ആഘോഷപൂര്‍വ്വം കൊണ്ടുവരുന്ന വാലന്റൈന്‍ ദിനത്തെ പിന്തുണക്കാതെ വയ്യ എന്നാണ് എനിക്ക് തോന്നുന്നത്. പ്രണയം എല്ലാ ദിവസവും പ്രകടിപ്പിക്കേണ്ട ഒരു കാര്യമാണ്, അതിനായി വര്‍ഷത്തിലൊരിക്കല്‍ മാത്രമായി എന്തിനാണ് ഒരു ദിവസം എന്ന് ചോദിക്കുന്നവരുണ്ട്. വ്യക്തികളുടെ പ്രണയജീവിതത്തിന്‍റെ “Auditing Day” ആയിവേണം വാലന്റൈന്‍ ദിനത്തെ കരുതാന്‍. പ്രണയബന്ധങ്ങള്‍ ഇല്ലാത്തവര്‍ക്ക് തങ്ങളുടെ പരാജയപ്പെട്ട മുന്‍കാല ബന്ധങ്ങളെ വിശകലനം ചെയ്യുവാനും വ്യക്തിത്വത്തിലെ പോരായ്മകളെ പരിഹരിക്കുവാനും പുതിയ പ്രണയങ്ങള്‍ തുടങ്ങുവാന്‍ പദ്ധതികള്‍ തയ്യാറാക്കുവാനും എല്ലാമുള്ള ദിവസമാണിത്. പ്രണയബന്ധങ്ങള്‍ ഉള്ളവര്‍ക്ക് അത് തൃപ്തികരമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തുവാനും പങ്കാളിയുമായി വാലന്റൈന്‍ ദിനം ആഘോഷിച്ച് അതിനെ കൂടുതല്‍ ദൃഡമാക്കുവാനും ഉള്ള ദിവസമാണിത്. അതിനാല്‍ തന്നെ പ്രണയബന്ധങ്ങള്‍ അവസാനിക്കുന്നതിന്റെയും പുതിയവ തുടങ്ങുന്നതിന്റെയും സീസണ്‍ ആയി ഫെബ്രുവരി മാസം മാറിയിട്ടുണ്ട്.
ഏതൊരു വ്യക്തിക്കും തങ്ങള്‍ക്ക് ആവശ്യമായ കാര്യം എന്തെന്ന് കൃത്യമായി പൊതുസമൂഹത്തോട് പറയാന്‍ സാധിച്ചെങ്കില്‍ മാത്രമേ അതിനായി പരിശ്രമിക്കുവാനും ആ പരിശ്രമത്തില്‍ വിജയിക്കുവാനും സാധിക്കൂ. തന്‍റെ പ്രണയത്തിന്റെ ചായ്‌വ് ഭൂരിപക്ഷത്തില്‍ നിന്നും വ്യത്യസ്തമാണ് എന്ന് തുറന്ന് പറയാന്‍ സാധിക്കാത്തതാണ് സ്വവര്‍ഗപ്രേമികള്‍ക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടാവാത്തത്തിന്റെയും അവര്‍ വീട്ടുകാര്‍ നിശ്ചയിച്ച എതിര്‍ലിംഗവുമായുള്ള ദാമ്പത്യത്തില്‍ കുരുങ്ങിപ്പോവുന്നതിന്റെയും പ്രധാനകാരണം. അതിനാല്‍ തന്നെ “ഞാന്‍ സ്വവര്‍ഗപ്രേമിയാണ് / ഗേയാണ് / ലെസ്ബിയനാണ് / ട്രാന്‍സ്ജന്‍ററാണ്” എന്ന് തുറന്ന് പറയാനുള്ള ഒരവസരം കൂടെയാണ് വാലന്റൈന്‍ ഡേയെന്ന പ്രണയദിനം. തുറന്ന് പറയാന്‍ സാധിക്കാത്ത പ്രണയങ്ങള്‍ രതിയില്‍ മാത്രം ഒതുങ്ങിപ്പോവുന്നു. രതിയുടെ പേരില്‍ മാത്രം പൊതുസമൂഹം ഇന്നും അടയാളപ്പെടുത്തുന്ന കേരളത്തിലെ എല്‍.ജി.ബി.ടി സമൂഹത്തിന് ലൈംഗികതയെ പ്രണയത്താല്‍ ബന്ധിതമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ആത്മപരിശോധന നടത്തുവാനും വെളിപ്പെടുത്തല്‍ (Coming Out) നടത്തുവാനും ഈ വാലന്റൈന്‍ ദിനം ഉപകാരപ്പെടട്ടെ എന്ന് ആശിക്കുന്നു.
(കിഷോര്‍ കുമാർ- “രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍ – മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും” എന്ന പുസ്തകത്തിന്‍റെ രചയിതാവ്)
Post Your Comments