Latest NewsKeralaNews

സൈനികരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായ ഉത്തരവിൽ തീരുമാനം വ്യക്തമാക്കി കോടതി

കൊച്ചി : സൈനിക മേഖലയിൽ സേവനം അനുഷ്ഠിക്കുന്നവർ കൊല്ലപ്പെട്ടാലും ആശ്രിതര്‍ക്ക് തൊഴിലും സഹായം ലഭിക്കുന്ന 2002 ഏപ്രില്‍ 29 ലെ സര്‍ക്കാര്‍ ഉത്തരവ് പരിഷ്കരിക്കണമെന്നു ഹൈക്കോടതി. സമാധാന മേഖലയില്‍ ജോലി നോക്കിയിരുന്ന സൈനികനായ ഭര്‍ത്താവ് വികെ ഷിജീഷ് ഷോക്കേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഭാര്യ കോഴിക്കോട് പേരാമ്പ്ര സ്വദേശിനി സിപി സിന്ധുവിന് ആശ്രിത നിയമനം നല്‍കാന്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ 2017 ഫെബ്രുവരി 21 ന് ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

ആശ്രിത നിയമനം ഇത്തരം കുടുംബങ്ങളെ സഹായിക്കാന്‍ വേണ്ടി ഉള്ളതാണെന്നു കോടതി പറഞ്ഞൂ. സൈനികരുടെ ഇത്തരം ആകസ്മികമായ വേര്‍പാട് നിമിത്തം കുടുംബങ്ങള്‍ക്ക് ദുരിതങ്ങളും ദാരിദ്ര്യവും അനുഭവിക്കേണ്ടി വന്നേക്കാം. യുദ്ധമേഖലയിലായാലും സമാധാനമേഖലയിലായാലും ആശ്രിതര്‍ക്ക് സൈനികന്റെ മരണം ഒരുപോലെയാണ്.നിര്‍ണ്ണായക മേഖലയില്‍ രാജ്യത്തിനായി ഒട്ടേറെ സേവനങ്ങള്‍ ചെയ്യുന്നവരാണ് സൈനികര്‍. സമാധാന മേഖലയില്‍ മരിച്ചുവെന്നതുകൊണ്ട് ആശ്രിത നിയമനം നിഷേധിക്കുന്നതിന് ന്യായീകരണമില്ല.

കരസേനയുടെ ബോംബ് നിര്‍വീര്യമാക്കല്‍ യൂണിറ്റില്‍ അംഗമായിരുന്ന ഷിജീഷ് വൈദ്യുതി ലൈനിലെ പതിവു പരിശോധനയ്ക്കിടെ 2011 ജൂലായ് 30 നാണ് ഷോക്കേറ്റ് മരിച്ചത്. ഭര്‍ത്താവിന്റെ വിയോഗത്തോടെ രണ്ട് കുട്ടികളടങ്ങിയ കുടുംബം അനാഥമായെന്നും ആശ്രിത നിയമനം വേണമെന്നും ആവശ്യപ്പെട്ട് സിന്ധു നല്‍കിയ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചു.

ഷിജീഷ് ജോലി നോക്കിയിരുന്നത് സമാധാന മേഖലയിലാണെന്നും സൈനിക ഓപ്പറേഷനെത്തുടര്‍ന്നുള്ള മരണമല്ലെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അപേക്ഷ നിരസിച്ചതിനെതിരെ സിന്ധു ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് ആശ്രിത നിയമനം നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഇതിനെയാണ് അപ്പീലില്‍ സര്‍ക്കാര്‍ ചോദ്യം ചെയ്തത്.

2002 ഏപ്രില്‍ 29 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച്‌ സമാധാന മേഖലയിലെ സൈനികര്‍ യുദ്ധ സമാനമല്ലാത്ത സാഹചര്യങ്ങളില്‍ മരിച്ചാല്‍ ആശ്രിത നിയമനം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button