ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ബാറ്റിംഗിൽ ഗംഭീര പ്രകടം കാഴ്ചവെച്ച സൂപ്പര്‍താരം യുവരാജ് സിംഗ് ഇപ്പോള്‍ കുറച്ചുകാലമായി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. മോശം ഫോമിനെത്തുടര്‍ന്ന് ദേശീയ ടീമിന് വെളിയിലായ താരത്തിന്റെ അന്താരാഷ്ട്ര കരിയര്‍ പോലും ഏറെക്കുറേ അവസാനിച്ച മട്ടാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ കഠിന പരിശീലനം നടത്തുക്കൊണ്ടിരിക്കുകയാണ് താരം.
ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ തനിക്ക് കഴിയുമെന്ന് ഉറച്ചു പറയുന്ന യുവരാജ്, അടുത്ത മൂന്ന് വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും തന്നെ കാണാമെന്ന് ഉറപ്പ് നല്‍കുന്നു. താനൊരു പോരാളിയാണ്. തിരിച്ചടികളില്‍ തളരാതെ മുന്നോട്ട് പോയാണ് ശീലം, താന്‍ നടത്തുന്ന കഠിന പരിശീലനത്തിന് ഫലം ലഭിക്കുമെന്നാണ് വിശ്വാസം. യുവി പറയുന്നു.
അതേസമയം ക്രിക്കറ്റില്‍ നിന്നും വിരമിച്ച് കഴിഞ്ഞാല്‍ എന്ത് ചെയ്യാനാണ് പദ്ധതിയെന്നും യുവി വെളിപ്പെടുത്തി. കമന്ററി ബോക്‌സിലേക്ക് തിരിയാന്‍ തനിക്ക് താല്പര്യമില്ലെന്നും ക്രിക്കറ്റ് പരിശീലകനാവുകയാണ് തന്റെ ലക്ഷ്യമെന്നും യുവി പറയുന്നു. നിലവില്‍ പഞ്ചാബിന് വേണ്ടി വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച് കൊണ്ടിരിക്കുന്ന യുവി ബറോഡയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അതിവേഗ അര്‍ധ സെഞ്ചുറിയുമായി ഫോമിന്റെ മിന്നലാട്ടങ്ങള്‍ കാണിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു യുവരാജ് അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. യുവതാരങ്ങള്‍ ഇന്ത്യന്‍ മധ്യനിര കീഴടക്കിയപ്പോള്‍ യുവി ടീമിന് വെളിയിലാവുകയായിരുന്നു.
Post Your Comments