Latest NewsKeralaNews

സൈന്യത്തെ അപമാനിച്ച ആര്‍.എസ്.എസ് രാജ്യത്തോട് മാപ്പുപറയണം-മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം•ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച ആര്‍.എസ്.എസ് രാജ്യത്തോട് മാപ്പുപറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യൻ സൈന്യം ആറോ ഏഴോ മാസങ്ങൾക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളിൽ ആർഎസ്എസ് ചെയ്യും എന്ന മോഹൻ ഭാഗവത്തിന്റെ വീമ്പുപറച്ചിൽ ദുരുപദിഷ്ടവും ഭരണഘടനയുടെ സത്തയെത്തന്നെ വെല്ലുവിളിക്കുന്നതുമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തിനായി പോരാടുന്നതിനുള്ള സേനയെ മൂന്നു ദിവസത്തിനുള്ളിൽ രൂപീകരിക്കാൻ ആർഎസ്എസിനു സാധിക്കുമെന്നാണ് ആ സംഘടനയുടെ മേധാവി പറയുന്നത്. അതിനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും സാഹചര്യം വന്നാൽ അതിന് മുന്നിട്ടിറങ്ങുമെന്നും ബിഹാറിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഭാഗവത് പറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടനയോടോ ഭരണഘടനാ സ്ഥാപനങ്ങളോടോ ആദരവില്ലാത്ത സംഘമാണ് ആർഎസ്എസ് എന്ന് ആവർത്തിച്ചു തെളിയിക്കുന്ന പ്രസ്താവനയാണിത്. സമാന്തര സൈന്യം രൂപീകരിച്ച് രാജ്യത്തിന്റെ ഐക്യം തകർത്തുതരിപ്പമണമാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ആർഎസ്എസിന്റെ നിഗൂഢ ലക്ഷ്യമാണ് ഇതിലൂടെ പുറത്തുചാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിറ്റ്ലറുടെ ജർമ്മനിയോ മുസ്സോളിനിയുടെ ഇറ്റലിയോ ആക്കി ഇന്ത്യയെ മാറ്റാനാണ് മുസ്സോളിനിയിൽ നിന്ന് സംഘടനാ രീതിയും നാസികളിൽനിന്ന് ക്രൌര്യവും കടംകൊണ്ട ആർഎസ്എസ് ശ്രമിക്കുന്നത്.

സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം ഗൗരവമുള്ളതാണ്. ഇടതുപക്ഷം നേരത്തെതന്നെ ചുണ്ടിക്കാട്ടിയ അപകടമാണ് ഇപ്പോൾ ഭാഗവതിന്റെ വാക്കുകളിലുടെ പുറത്തുവന്നത്. അപകടകരവും അന്പരപ്പിക്കുന്നതുമായ പ്രസ്താവന പിൻവലിച്ച് രാഷ്ട്രത്തോട് മാപ്പുപറയാൻ ആർഎസ്എസ് തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യൻ സൈന്യത്തെ താഴ്ത്തിക്കെട്ടുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത പ്രസ്താവനയോട് ഗവർമെൻറിന്റെ നിലപാടെന്തന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണം.

ഭാഗവതിന്റെ പ്രസ്താവനയിൽ ശക്തമായ പ്രതിഷേധമുയർന്നപ്പോൾ ആർഎസ്എസ് നൽകിയ വിശദീകരണം പോലും ഇന്ത്യൻ സേനയെ ഇകഴ്ത്തുന്നതും അതിനേക്കാൾ അച്ചടക്കം ആർഎസ്എസിനാണ് എന്ന് സ്ഥാപിക്കാൻശ്രമിക്കുന്നതുമാണ്. അതിനെയാണോ പ്രധാനമന്ത്രി അനുകൂലിക്കുന്നത് എന്നറിഞ്ഞാൽ കൊള്ളാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button