KeralaLatest NewsNews

കേന്ദ്രവിദേശ കാര്യമന്ത്രി സുഷമസ്വരാജിന്റെ സഹായം തേടി മലയാളിയായ അമ്മയും പെണ്‍മക്കളും :  ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ ഇനി സുഷമയാണ്

 

തൃശൂര്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ നാലര വര്‍ഷമായി മലയാളി യുവാവ് ജയിലില്‍. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകളുമായി ഭാര്യയും രണ്ടു പെണ്‍മക്കളും ഇനി മുട്ടാത്ത വാതിലുകളില്ല.മണലൂര്‍ കൊള്ളന്നൂര്‍ വീട്ടില്‍ കെ.വി.ജോഷിയാണ് യുഎഇ ജയിലില്‍ എല്ലാ വഴികളുമടഞ്ഞു കഴിയുന്നത്.പത്തിലും പ്ലസ് വണ്ണിലും പഠിക്കുന്ന രണ്ടു കുട്ടികള്‍ കണ്ണീരോടെ നാട്ടില്‍. സംസ്ഥാന സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും കിട്ടാവുന്ന വാതിലുകളിലുമെല്ലാം മുട്ടി, ഓടിത്തളര്‍ന്ന് അവരുടെ അമ്മ മേഴ്‌സിയും.

‘എല്ലാ വഴികളും അടഞ്ഞു. കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ കാണാനുള്ളത് അവസാന ശ്രമമാണ്. നടന്നില്ലെങ്കില്‍ മരണം വരെ പട്ടിണിസമരം കിടക്കും…” അമ്മയും മക്കളും പറയുന്നു.പത്തു വര്‍ഷം ജോഷിയും മേഴ്‌സിയും യുഎഇയില്‍ സര്‍ക്കാര്‍ സര്‍വീസിലായിരുന്നു.കിട്ടിയ സമ്പാദ്യംകൊണ്ട് അഗ്‌നിശമന മേഖലയില്‍ ചെറിയ കമ്പനി തുടങ്ങി. പെട്ടെന്നു ലാഭത്തിലായ കമ്പനിയില്‍ 2012ല്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയെ പാര്‍ട്ണര്‍ ആയി ചേര്‍ത്തശേഷമാണു പ്രശ്‌നങ്ങള്‍ തുടങ്ങിതെന്ന് ഇവര്‍ പറയുന്നു. ബിസിനസിലെ പങ്കാളികള്‍ ചേര്‍ന്നു കമ്പനി തട്ടിയെടുക്കാന്‍ കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നെന്നു മേഴ്‌സി പറയുന്നു.

ജോഷി പാര്‍ട്ണര്‍ക്കു ലാഭത്തുക നല്‍കുന്നതായി കാണിച്ചു പത്തു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് വ്യാജ ഒപ്പോടെ ബാങ്കില്‍ ഹാജരാക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.ചെക്ക് മടങ്ങിയതോടെ കേസ് കോടതിയിലെത്തി; ജോഷി ജയിലിലും.ചെക്കില്‍ തുകയും മറ്റും എഴുതിച്ചേര്‍ത്തതു മലയാളി പാര്‍ട്ണര്‍ ആണെന്നു ജോഷി പറയുന്നു. ഒപ്പിട്ടത് ആരാണെന്നറിയില്ല.ചെക്ക് നല്‍കിയിരിക്കുന്നത് 2013 ഏപ്രില്‍ ആറിനു തുറന്ന ബാങ്ക് അക്കൗണ്ടില്‍. ചെക്ക് നല്‍കിയ തീയതി അതിനു രണ്ടു മാസം മുന്‍പു ഫെബ്രുവരി ഒന്നിന്! ഈ കാര്യംപോലും കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല.

ജോഷി ചെക്ക് ഒപ്പിട്ടു നല്‍കുന്നതു കണ്ടെന്നു കോടതിയില്‍ കള്ളസാക്ഷി പറഞ്ഞ മുംബൈക്കാരനായ കമ്പനി ജീവനക്കാരന്‍ തീര്‍ഥാടനത്തിനു പോകുന്നതിനു മുന്‍പു മാപ്പു പറയാനായി ജോഷിയെയും തന്നെയും കണ്ടിരുന്നെന്നു മേഴ്‌സി പറയുന്നു.

വിദേശത്തു തുടരാന്‍ നിവൃത്തിയില്ലാതെ മേഴ്‌സിയും മക്കളും നാട്ടിലേക്കു മടങ്ങി.മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാര്‍, എംഎല്‍എമാര്‍, പ്രവാസി വ്യവസായികള്‍, രാഷ്ട്രീയക്കാര്‍ അടക്കം മുപ്പതോളം പേരെ നാലു വര്‍ഷത്തിനിടെ ഈ കുടുംബം കണ്ടു സഹായം തേടിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button