Latest NewsKeralaNews

ബെഹ്റയുടെ കാലത്ത് വിജിലന്‍സില്‍ അട്ടിമറിക്കപ്പെട്ടത് പ്രമുഖര്‍ ഉള്‍പ്പെട്ട 13 കേസുകള്‍ : 100 കണക്കിന് കേസുകളിൽ അന്വേഷണം നിലച്ചു

കോട്ടയം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന രേഖ പുറത്തുവന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ കീഴിലെ വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ദുരൂഹതയുള്ളതായി റിപ്പോര്‍ട്ട് .പ്രമുഖര്‍ ഉള്‍പ്പെട്ട 13 കേസുകളാണ് ബെഹ്രയുടെ കീഴില്‍ ഉള്ള വിജിലന്‍സില്‍ അട്ടിമറിക്കപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോളിളക്കം സൃഷ്ടിച്ച ബാര്‍ കോഴ പോലെ പല അഴിമതി കേസുകളും ആവിയായിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫിന്റെ പ്രധാന പ്രചാരണ ആയുധമായ പാറ്റൂര്‍ ഭൂമി കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ തോറ്റതിലും ദുരൂഹതയുണ്ട്.100 കോടിയുടെ ബാര്‍ കോഴ കേസ്, ബാറ്ററി കേസ്, കോഴി നികുതി കേസ് എന്നിവയാണ് പ്രധാനപ്പെട്ട അട്ടിമറിക്കപ്പെട്ട കേസുകള്‍. കെ.എം. മാണിക്കെതിരേയുള്ള ബാര്‍കോഴ, ബാറ്ററി, കോഴി നികുതിയിളവ് കേസുകളില്‍ വാദിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി. സതീശനാണു വിജിലന്‍സിനെതിരേ രൂക്ഷ ആരോപണവുമായി രംഗത്ത് എത്തിയത്.

കൂടാതെ ബെഹ്ര അധികാരത്തിലെത്തിയ ശേഷം നൂറുകണക്കിന് കേസുകളില്‍ അന്വേഷണം നിലച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ പകുതിയായി. അഴിമതി കേസുകളില്‍ പോലീസുകാര്‍ അടക്കം 30 ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ റദ്ദാക്കി.ബാര്‍കോഴ കേസില്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനാരെന്നുപോലും അറിയില്ല. കാര്യങ്ങള്‍ ഒന്നുംതന്നെ സുതാര്യമായല്ല നീങ്ങുന്നത്. വിജിലന്‍സിലുള്ള സാധാരണ ജനങ്ങളുടെ വിശ്വാസമാണു ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും മുന്‍ സി.ബി.ഐ. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കൂടിയായ കെ.പി. സതീശന്‍ വാര്‍ത്താചാനലിനോടു വെളിപ്പെടുത്തി.

സതീശന്റ ആരോപണം വിജിലന്‍സിനെ കുടുക്കിലാക്കിയിരിക്കുകയാണ്. മാണിയെ എല്‍.ഡി.എഫില്‍ എത്തിക്കാന്‍ സി.പി.എമ്മില്‍ ഒരുവിഭാഗം നീക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മാണിയുടെ പേരിലുള്ള കേസുകള്‍ മെല്ലെപ്പോക്കാണെന്നാണ് ഉയരുന്ന ആരോപണം. ഡി.ജി.പി ടോമിന്‍ തച്ചങ്കരിയാണ് വിജിലന്‍സിന്റെ കാരുണ്യം കൊണ്ട് രക്ഷപ്പെട്ട മറ്റൊരു പ്രമുഖന്‍. മൂന്നു കേസുകള്‍ അടക്കം 12 വിഷയങ്ങളില്‍ തച്ചങ്കരിക്കെതിരെ അന്വേഷണങ്ങള്‍ നടന്നിരുന്നുവെങ്കിലും നാലു കേസുകളുടെ വിവരം മാത്രമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

ഹൈക്കോടതി ഇടപെടല്‍ മുന്നില്‍ കണ്ട് കേസുകള്‍ തിടുക്കത്തില്‍ തീര്‍പ്പാക്കിയതായും സൂചനയുണ്ട്.ടോമിന്‍ തച്ചങ്കരി പോലീസ് ആസ്ഥാനത്തും ബെഹ്റ വിജിലന്‍സ് തലപ്പത്തും എത്തിയശേഷം ഇവയില്‍ പലതും തീര്‍പ്പാക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടന്നതായാണ് ആരോപണം.മുന്‍ മന്ത്രി കെ.ബാബുവാണ് ബെഹ്റയുടെ കടാക്ഷം കാത്തിരിക്കുന്ന മറ്റൊരു പ്രമുഖന്‍. ബാബുവിനെതിരായ അനധികൃത സ്വത്ത് കേസില്‍ വീണ്ടും ബാബുവിന്റെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങവേയാണ് വിജിലന്‍സിന്റെ ഭാഗത്തുനിന്നുള്ള അസാധാരണ നടപടി.

മറ്റു പല പ്രമുഖമായ കേസുകളിലും വിജിലന്‍സ് അന്വേഷണത്തില്‍ തെളിവ് ലഭിച്ചിട്ടില്ല. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിനാണ് വിജിലന്‍സ് ഉന്നതര്‍. റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ തോമസ് ചാണ്ടിക്കെതിരായ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും മാറ്റി. അന്വേഷണം തിരുവനന്തപുരത്തെ വിജിലന്‍സ് യൂണിറ്റിന് കൈമാറി.ഇതും അട്ടിമറി ആണെന്നാണ്‌ ആരോപണം. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നും തന്റെ അനുമതിയോടെ മാത്രമേ കേസുകള്‍ എടുക്കാവൂ എന്നുമാണ് ബെഹ്റ നല്‍കിയിരിക്കുന്ന നിര്‍ദേശം.

നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനു കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ജേക്കബ് തോമസ് ഡയറക്ടറായിരിക്കേ നല്‍കിയിരുന്നു. ബെഹ്റയുടെ നിര്‍ദേശം വന്നതിനു ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് പോലും വിജിലന്‍സിന് ഭയമാണ്. ഇതിനിടെ കേഡര്‍ പദവിയായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് പകരം വിശ്വാസ്തനായ ഒരാളെ നിയമിക്കാന്‍ കഴിയാത്തതിനാലാണ് സര്‍ക്കാര്‍ ബെഹ്റയെ തുടരാന്‍ അനുവദിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ചട്ടം ലംഘിച്ച്‌ ലോക്നാഥ് ബെഹ്റ വിജിലന്‍സ് ഡയറക്ടറായി തുടരുന്നതിനെതിരെ കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ബെഹ്രയുടെ നിയമനത്തില്‍ ദുരൂഹത – കേന്ദ്രത്തെ സമീപിക്കാനോരുങ്ങി ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button