Latest NewsKeralaNewsNerkazhchakal

പാറ്റൂര്‍ കേസ്: സംശയങ്ങള്‍ ഇനിയും ബാക്കി

കേരള രാഷ്ട്രീയത്തില്‍ വീണ്ടും ഒരു ചര്‍ച്ചാ വിഷയമായി പാറ്റൂര്‍ കേസ് മാറുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് നടത്തിയ പാറ്റൂർ ഭൂമിയിടപാടിൽ അഴിമതിയാരോപിച്ചുള്ള വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. ഊഹാപോഹങ്ങളും തെറ്റായ പ്രസ്താവനകളും ആധാരമാക്കിയുള്ള എഫ്ഐആർ റദ്ദാക്കാതെ തരമില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

ഉള്ളിൽ കഴമ്പില്ലാത്ത പുറന്തോടിനു സമാനമാണ് ഈ കേസില്‍ സമര്‍പ്പിച്ചിട്ടുള്ള എഫ്ഐആർ എന്നു കോടതി പറഞ്ഞു. ത്വരിതപരിശോധനയ്ക്കു നിർദേശിച്ച വിജിലൻസ് അഡീഷനൽ ഡയറക്ടറുടെ റിപ്പോർട്ടിൽനിന്നു കടമെടുത്ത ഊഹങ്ങളും തെറ്റായ പ്രസ്താവനകളും ആധാരമാക്കിയാണു കേസ്. ജേക്കബ് തോമസിന്റെ ഭാഗത്തു ദുരുദ്ദേശ്യവും ദുഷ്ടലാക്കും പ്രകടമാണ്. കേസ് റജിസ്റ്റർ ചെയ്യുമ്പോൾ ഭൂമിയിൽ ജല അതോറിറ്റിയുടെ ഉടമസ്ഥതതയോ അവകാശമോ തെളിയിക്കുന്ന രേഖകളില്ല. പുറമ്പോക്കിലോ ഏറ്റെടുത്ത ഭൂമിയിലോ അല്ലാതെ ജല അതോറിറ്റി പൈപ്പിടില്ലെന്ന് അനുമാനിച്ചാണ് അവകാശവാദം. കേരള വാട്ടർ സപ്ലൈ ആൻഡ് സിവറേജ് നിയമപ്രകാരം ഭൂമി നിക്ഷിപ്തമാക്കിയിട്ടില്ലെങ്കിൽ കേസ് നിൽക്കില്ല. നിയമം വരുമ്പോൾ ഭൂമിയിൽ അവകാശമുണ്ടായിരുന്നതായും സർക്കാർ വാദിക്കുന്നില്ലെന്നു കോടതി പറഞ്ഞു.

കോൺഗ്രസിന് പരിഭ്രാന്തി; കള്ള പ്രചാരണത്തിന് പിന്നിൽ രാഹുലിന്റെ നിരാശാബോധം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ ഇടതുമുന്നണി ഉമ്മന്‍ചാണ്ടിക്കെതിരെ രാഷ്ട്രീയമായി ഏറെ ഉപയോഗിച്ച ആയുധമാണു പാറ്റൂർ കേസ്. പാറ്റൂരിലെ 12.57 സെന്റ് സർക്കാർ ഭൂമി ആർട്ടെക് ഫ്ലാറ്റ് ഉടമയ്ക്കു പതിച്ചുനൽകാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചീഫ് സെക്രട്ടറി ഭരത്‌ഭൂഷണും ശ്രമിച്ചുവെന്ന പ്രതിപക്ഷ നേതാവ് കൂടിയായിരുന്ന വിഎസിന്റെ ഹർജിയാണു വിജിലൻസ് അന്വേഷണത്തിനും പിന്നീടു രാഷ്ട്രീയ വിവാദത്തിനും തുടക്കം കുറിച്ചത്. ലോകായുക്തയിൽ കേസ് നടക്കുമ്പോഴാണു വിജിലൻസിലും പരാതി എത്തിയത്. 2017 ഫെബ്രുവരിയിൽ ഉമ്മൻ ചാണ്ടിയടക്കം അഞ്ചുപേരെ പ്രതിയാക്കി വിജിലൻസ് കേസെടുത്തു. നഗരമധ്യത്തിലെ സർക്കാർ ഭൂമി കയ്യേറാൻ ഇവർ ഒത്താശ ചെയ്തെന്നായിരുന്നു വിജിലൻസ് ആരോപണം.

തങ്ങളുടെ ഭൂമിയിലൂടെ കടന്നുപോകുന്ന ജല അതോറിറ്റിയുടെ പൈപ്പ് മാറ്റിത്തരണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ സർക്കാരിന്റെ കാലത്തു ആർട്ടെക് ഉടമ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ സമീപിച്ചു. 2008 മുതൽ ഈ ആവശ്യവുമായി സർക്കാരുകളെ സമീപിക്കുന്നതാണെന്നും പൈപ്പ് മാറ്റുന്നതിനായി തുക സർക്കാരിൽ ഒടുക്കിയെന്നും നിവേദനത്തിൽ പറഞ്ഞിരുന്നു. ഇതിന്മേൽ റിപ്പോർട്ടിനായി ഉമ്മൻ ചാണ്ടി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കലക്ടർ, ലാൻഡ് റവന്യു കമ്മിഷണർ, സർവേ ഡയറക്ടർ, ജല അതോറിറ്റി എംഡി എന്നിവരുൾപ്പെട്ട സമിതിയെ ചീഫ് സെക്രട്ടറി നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൈപ്പ് മാറ്റിയിട്ടു. അപ്പോഴേക്കും ആരോപണം വിവിധ കോടതികളിലെത്തി. ഇതിനൊപ്പം ലോകായുക്തയുടെ നിർദേശപ്രകാരം 12.57 സെന്റ് ഭൂമി അളന്നുതിട്ടപ്പെടുത്തി സർക്കാർ ബോർഡും സ്ഥാപിച്ചു. അതോടെയാണ് ഉമ്മൻ ചാണ്ടിയുടേയും ഭരത് ഭൂഷന്റെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിഎസ് കോടതിയെ സമീപിച്ചത്.

ഭീകരാക്രമണം മൂന്ന് സൈനികർകൂടി കൊല്ലപ്പെട്ടു

ഇടതുമുന്നണി ഇത് ഉമ്മൻ ചാണ്ടിക്കെതിരായ രാഷ്ട്രീയ ആയുധമാക്കി. പിണറായി സർക്കാർ വന്നശേഷം വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് കേസ് പുനരന്വേഷിക്കുന്നതിന്റെ നിയമസാധുത തേടി. തുടർന്ന് ഉമ്മൻ ചാണ്ടിയും ഭരത്‌ഭൂഷണും അടക്കം അഞ്ചുപേരുടെ പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചു. നേരത്തേ ലോകായുക്തയിൽ കേസ് വന്നപ്പോൾ വിജിലൻസ് എഡിജിപിയായിരുന്ന ജേക്കബ് തോമസിനെയാണ് അന്വേഷണം ഏൽപിച്ചത്. അദ്ദേഹം റിപ്പോർട്ട് മുദ്രവച്ച കവറിൽ നൽകി. അതിനിടെ, ഉമ്മൻ ചാണ്ടിക്കും ഭരത്‌ഭൂഷണുമെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമെന്നു ലോകായുക്ത നിരീക്ഷിച്ചു. ഈ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പങ്കിന് ഒരു തെളിവുമില്ലെന്നു 2016 മാർച്ചിൽ വിജിലൻസ് കോടതിയും പറഞ്ഞിരുന്നു.

എന്നാല്‍ ഭരണം മാറിയതോടെ വീണ്ടും കേസ് അന്വേഷണവും ആരംഭിച്ചു. ജല അതോറിറ്റി മുൻ എക്സിക്യൂട്ടീവ് എൻജിനീയർമാരായ ആർ. സോമശേഖരൻ, എസ്.മധു, മുൻ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്‌‌ഭൂഷൺ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആർടെക് ഉടമ ടി.എസ്. അശോക് എന്നിവരായിരുന്നു ഒന്നു മുതൽ അഞ്ചുവരെ പ്രതികൾ. ഇപ്പോള്‍ പിണറായി സര്‍ക്കാരിനു തിരിച്ചടിയായിരിക്കുകയാണ് പാറ്റൂര്‍ ഭൂമിയിടപാട്. ഈ കേസ് റദ്ദാക്കാൻ മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്‌ഭൂഷൺ ഉൾപ്പെടെ മൂന്നു പ്രതികൾ നൽകിയ ഹർജി പരിശോധിച്ച കോടതി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ മറ്റു പ്രതികൾക്കും വിധിയുടെ ആനുകൂല്യം അനുവദിച്ചിട്ടുണ്ട്.

പൈപ്പ് മാറ്റിയിടണമെന്ന അപേക്ഷയിൽ പരിശോധനയ്ക്കു ചീഫ് സെക്രട്ടറി ലാൻഡ് റവന്യു കമ്മിഷണറുടെ നേതൃത്വത്തിൽ സമിതിയെ നിയമിച്ചതിൽ അപാകതയില്ല. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ചേർന്നു പൈപ്പ് മാറ്റാൻ തീരുമാനമെടുത്തു എന്ന ആരോപണത്തിൽ കഴമ്പില്ല. ചീഫ് സെക്രട്ടറി ശുപാർശ നൽകിയതു കൃത്യനിർവഹണത്തിന്റെ ഭാഗമാണ്. ഫയൽ പരിശോധിച്ചു മുഖ്യമന്ത്രി ഉത്തരവിറക്കിയതിലും തെറ്റില്ല. വകുപ്പുകൾ തമ്മിൽ അഭിപ്രായഭിന്നത വന്നാൽ തീരുമാനം എടുക്കാനാണു മുഖ്യമന്ത്രിക്കു ഫയൽ നൽകുന്നത്. തർക്കഭൂമി ജല അതോറിറ്റിയുടെയാണെന്നു കരുതിയാൽപോലും വസ്തുവിന്റെ ഒരു ഭാഗത്തുനിന്നു മറ്റൊരു ഭാഗത്തേക്കു മാറ്റിയിടുന്നതിൽ അഴിമതി നിരോധന നിയമം ബാധകമാവില്ല.

പൈപ്പ്‌ലൈൻ മാറ്റിയിട്ടതുമായി ബന്ധപ്പെട്ടതൊഴികെ മറ്റു വിഷയങ്ങളിൽ ലോകായുക്തയ്ക്കു നടപടി തുടരാൻ തടസ്സമില്ല. ഫ്ലാറ്റ് കമ്പനിയുടെ കൈവശം പുറമ്പോക്കുണ്ടെങ്കിൽ തിരിച്ചെടുക്കാനും കമ്പനിക്ക് അർഹതപ്പെട്ട ഭൂമി എത്രയെന്നു തിട്ടപ്പെടുത്താനും സർക്കാരിനു നടപടിയാകാം.  സ്ഥലം ഏറ്റെടുത്തതാണോ എന്നു ഗെസറ്റ് പരിശോധിച്ചാൽ അറിയാം. ബന്ധപ്പെട്ട റജിസ്റ്റർ കാണാതായെന്നു പറയുന്നതിൽ കാര്യമില്ല. ലഭ്യമായ മറ്റു റജിസ്റ്ററുകളിൽനിന്നു പുറമ്പോക്കാണോ സ്വകാര്യ ഭൂമിയാണോ എന്നൊക്കെ അറിയാം.

പാറ്റൂര്‍ കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചെങ്കിലും ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ബാക്കിയാകുന്നു. തണ്ടപ്പേരില്‍ കൃത്രിമം നടന്നു എന്ന് സര്‍ക്കാര്‍ തന്നെ പലവട്ടം കണ്ടെത്തിയ ഭൂമിയില്‍ നിന്നാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ഫഌറ്റ് നിര്‍മ്മാണത്തിനായി മാറ്റിയത്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ല എന്ന് നിരീക്ഷിക്കുമ്പോഴും ഭൂമി കൈയ്യേറ്റം നടന്നു എന്ന കണ്ടെത്തലിനെ ഹൈക്കടോതിയും തള്ളുന്നില്ല. ഇനി ഇതിന്റെ യാഥാര്‍ത്ഥ്യം എന്ന് പുറത്തു വരും!

രശ്മി അനില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button