അൽഹസ്സ•ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ ജോലിസാഹചര്യങ്ങളും, ശമ്പളം കിട്ടാത്ത അവസ്ഥയും മൂലം ദുരിതത്തിലായ മലയാളി യുവാവ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ പവിത്രനാണ് ഏറെ ദുരിതങ്ങളിലൂടെ കടന്നു പോകേണ്ടി വന്നത്. പത്തു മാസം മുൻപാണ് നാട്ടിലെ ഒരു ട്രാവൽ ഏജൻസി വഴി പവിത്രൻ സൗദിയിൽ അകൗണ്ടൻറ് ജോലിയ്ക്ക് എത്തിയത്. മോഹനമായ വാഗ്ദാനങ്ങൾ നൽകിയ ഏജന്റ് പവിത്രന്റെ കൈയ്യിൽ നിന്നും വിസയ്ക്കായി എൺപതിനായിരം രൂപ വാങ്ങിയ്ക്കുകയും ചെയ്തു.
റിയാദിലെ വലിയ കമ്പനിയിൽ ജോലി എന്ന് പറഞ്ഞെങ്കിലും, ദമ്മാം എയർപോർട്ടിൽ എത്തിയപ്പോഴാണ്, അൽഹസ്സയിൽ ഒരു ലോക്കൽ കമ്പനിയിൽ ആണ് ജോലി എന്ന് പവിത്രൻ അറിഞ്ഞത്. വളരെ മോശമായിരുന്നു കമ്പനിയിലെ ജോലി സാഹചര്യങ്ങൾ. താമസിയ്ക്കാൻ കമ്പനി നൽകിയത് ഒരു മരുഭൂമിയുടെ നടുക്കുള്ള കാലിത്തൊഴുത്ത് പോലുള്ള ഒരു ക്യാമ്പ് ആയിരുന്നു. വൃത്തിഹീനമായ അവിടെ ദൈനദിനകാര്യങ്ങൾക്ക് നല്ല വെള്ളം പോലും ലഭിച്ചിരുന്നില്ല. ജോലി ചെയ്യാൻ തുടങ്ങി ആറുമാസം കഴിഞ്ഞിട്ടും ഒരു റിയാൽ പോലും ശമ്പളം കൊടുത്തില്ല. ഇക്കാമ എടുത്തു കൊടുക്കാത്തതിനാൽ യാത്ര ചെയ്യാൻ പോലും കഴിയില്ലായിരുന്നു.
നാട്ടിലെ ബന്ധുക്കൾ അപേക്ഷ നൽകിയത് അനുസരിച്ച്, കാഞ്ഞങ്ങാട്ട് എം.എൽ.എ കൂടിയായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഇടപെട്ട്, സൗദിയിലെ ഇന്ത്യൻ എംബസ്സിയിൽ പരാതി നൽകി. എംബസ്സി വിവരം കൈമാറിയത് അനുസരിച്ച് നവയുഗം അൽഹസ്സ മേഖല ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളിയും, സാമൂഹ്യപ്രവർത്തകൻ മണി മാർത്താണ്ഡവും ചേർന്ന് ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.
അവരുടെ സഹായത്തോടെ പവിത്രൻ ലേബർ കോടതിയിൽ കമ്പനിയ്ക്കെതിരെ കേസ് ഫയൽ ചെയ്തു. ഇതറിഞ്ഞ സ്പോൺസർ, പവിത്രൻ ഇരുപതിനായിരം റിയാൽ മോഷ്ടിച്ചു എന്ന് കള്ളക്കേസ് കൊടുത്തു. എന്നാൽ മോഷണം നടന്ന ദിവസത്തിന് രണ്ടു ദിവസം മുൻപേ പവിത്രൻ ക്യാമ്പും ഓഫിസും ഉപേക്ഷിച്ച് ദമ്മാമിൽ എത്തിയിരുന്നെന്ന് തെളിയിച്ചതോടെ കോടതി ആ മോഷണകേസ് തള്ളി.
മൂന്നു മാസത്തോളം ലേബർ കോടതിയിൽ കേസ് നടന്നു. അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളിയും മണി മാർത്താണ്ഡവും കേസിൽ പവിത്രനുവേണ്ടി ഹാജരായി വാദിയ്ക്കുകയും, സ്പോൺസറുമായി നിരന്തരം ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയും ചെയ്തു. കേസിൽ താൻ പരാജയപ്പെടും എന്ന് മനസ്സിലായ സ്പോൺസർ ഒടുവിൽ ഒത്തുതീർപ്പിന് തയ്യാറായി. ആറു മാസത്തെ ശമ്പളകുടിശ്ശിക നൽകാനും, ഫൈനൽ എക്സിറ്റും, വിമാനടിക്കറ്റും നൽകാനും സ്പോൺസർ തയ്യാറായി.
നവയുഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പെട്ടെന്ന് പൂർത്തിയാക്കി, എല്ലാവർക്കും നന്ദി പറഞ്ഞ് പവിത്രൻ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments