തിരുവനന്തപുരം: സദാചാരം എന്നത് എന്നും ഒരു വൃണംതന്നെയാണ്. നികൃഷ്ടമായ മനസ്സില്‍ ഉടലെടുക്കുന്ന ഒരു വികാരം. ഒരിക്കലും അതിനെ സാമൂഹിക പ്രതിബദ്ധത എന്നൊന്നും പറയാനാകില്ല. ആണിനേയും പെണ്ണിനേയും ഒരുമിച്ചു കാണുമ്പോള്‍ ഉടലെടുക്കുന്ന സദാചാരബോധം പലപ്പോഴും ഇവരെ തല്ലിച്ചതക്കാനുള്ള ലൈസെന്‍സ് കൂടിയാണ്. എന്ത് തെറ്റാണ് അവര്‍ ചെയ്തതെന്ന് തല്ലുന്നവനു പോലും അറിവുണ്ടാകില്ല. എസ്എഫ്ഐയുടെ സദാചാര മര്‍ദ്ധനത്തിന് ജിജീഷും കൂട്ടുകാരികളും ഇരയായിട്ട് ഇന്ന് ഒരു വര്‍ഷം. ഇവര്‍ക്ക് നീതിലഭിച്ചില്ല.തങ്ങളെ വേട്ടയാടിയ എസ് എഫ് ഐയുടെ വേട്ടപ്പട്ടികളെ കുറിച്ച് ജിജീഷ് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചു. ‘വേട്ടപ്പട്ടികളെ നിങ്ങള്‍ കുരക്കൂ… ഉറക്കെ ഉറക്കെ കുരക്കൂ…ഞങ്ങള്‍ പതറില്ല….’
2017 ഫെബ്രുവരി 9 തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജില്‍ പെണ്‍സുഹൃത്തുക്കളുടെ കൂടെ നാടകം കാണാന്‍ എത്തിയ തൃശ്ശൂര്ക്കാരാനായ ജിജീഷിനെ സദാചാരത്തിന്റെ പേര് പറഞ്ഞ് കേരളത്തിലെ ശക്തമായ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. എന്നാല്‍ തല്ലും കൊണ്ട് മിണ്ടാതിരിക്കാന്‍ ജിജീഷും സുഹൃത്തുക്കളായ അസ്മിത, സൂര്യ ഗായത്രി എന്നിവര്‍ തയ്യാറായില്ല. അവര്‍ പ്രതികരിച്ചു അതും കേരളത്തിലെ ഏറ്റവും കരുത്തുറ്റ വിദ്യാര്‍ത്ഥി സംഘടനക്കെതിരെ. അന്ന് കേരളം കണ്ടത് നിര്‍ഭയം നീതിക്ക് വേണ്ടി പൊരുതിയ മൂന്ന് സുഹൃത്തുക്കളെയാണ്. കേരളത്തിലെ വിദ്യാര്‍ഥികളെല്ലാം അന്ന് അവര്‍ക്കൊപ്പം നിന്നു. മൂന്നുപേരെയും അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നു.ഇതൊന്നും അവരെ ബാധിച്ചില്ല. നീതിക്കായുള്ള പോരാട്ടം അവര്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നിട്ടും അവര്‍ക്ക് നീതി ലഭിച്ചില്ല.
പെണ്‍കുട്ടികള്‍ക്കൊപ്പം നടന്നതായിരുന്നു എസ് എഫ് ഐ പ്രവര്‍ത്തകരെ അന്ന് ചൊടിപ്പിച്ചത്. ജിജീഷിനൊപ്പം നടക്കരുതെന്നും പെണ്‍കുട്ടികളോട് പറഞ്ഞു. അവരോട് അപമര്യാദയായ് പെരുമാറി. ജിജീഷിനെ കൂട്ടംചേര്‍ന്ന് തല്ലിച്ചതച്ചു. പുറത്തുപറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീക്ഷണിയും. ഇതിനെതിരെയാണ് അന്ന് അവര്‍ പ്രതികരിച്ചത്. ഇന്നും ഇവര്‍ സുഹൃത്തുക്കളാണ്. ഒരു സദാചാരവും അവരെ പിരിച്ചില്ല. ജിജീഷ് ഇപ്പോള്‍ തിരക്കഥ പരിപാടികളുമായി മുന്നോട്ട് പോവുന്നു , അസ്മിത പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജോലി ചെയ്യുന്നു സൂര്യ ഗായത്രി യൂണിവേഴ്സിറ്റി കോളേജില്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ഇന്നും കേരളത്തിന്റെ സദാചാരബോധത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇരകളാകാന്‍ വിധിക്കപ്പെട്ടവര്‍ ആയിക്കൊണ്ടേയിരിക്കുന്നു. തങ്ങള്‍ക്ക് നീതി നിഷേധിച്ചവരോട് ജിജീഷ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ ;
ഇന്ന് ഫെബ്രുവരി 9 .
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ SFI വേട്ടപ്പട്ടികളുടെ സദാചാര മർദ്ധനത്തിന് ഞങ്ങൾ ഇരയായിട്ട് ഒരു വർഷം.
2017 ഫെബ്രുവരി 9ൽ നിന്ന് 2018 ഫെബ്രുവരി 9ൽ എത്തി നിൽക്കുമ്പോൾ എന്ത് സംഭവിച്ചു? എന്ത് മാറ്റമാണ് ഉണ്ടായത്? ഞങ്ങൾക്ക് നീതി കിട്ടിയോ?
ഇല്ല, ഒന്നും സംഭവിച്ചില്ല.ഒരു മാറ്റവും ഉണ്ടായില്ല.ഞങ്ങൾക്ക് നീതിയും കിട്ടിയില്ല.
ആ SFI വേട്ടപ്പട്ടികൾ ഇപ്പോഴും ഞങ്ങൾക്ക് പുറകെ തന്നെയുണ്ട്.
ശരീരമാസകലം സദാചാര കുരുക്കൾ പൊട്ടിയൊലിച്ച് വിറളി പൂണ്ട് അവിടെയും ഇവിടെയുമായി ഇപ്പോഴും അലഞ്ഞ് തിരിഞ്ഞ് കൊണ്ടിരിക്കുകയാണവർ.
ഞങ്ങൾ ഒന്ന് ഉറക്കെ സംസാരിച്ചാൽ അവർക്കെതിരെ പ്രതികരിച്ചാൽ സ്ലട്ട് ഷെയ് മിങ്ങും തെറിവിളികളും അന്ന് കിട്ടിയത് പോരെങ്കിൽ ഇനിയും കിട്ടുമെന്ന കണക്കെയുള്ള ഭീഷണികളുമായി കമന്റ്ബോക്സ്കളിലും ഇൻബോക്സുകളിലുമായി SFI സഖാക്കകൻമാരും അവരുടെ പ്രതിരൂപങ്ങളും ഇപ്പോഴും വരാറുണ്ട്.
ഞങ്ങളെ തല്ലിച്ചതച്ചവർ ഇപ്പോഴും പുറത്ത് തന്നെയുണ്ട്.അവർക്ക് ആരെയും പേടിക്കേകേണ്ടതില്ല.അവർക്ക് വേണ്ട ശക്തിയും പൂർണ്ണ പിന്തുണയും നൽകി ഭരണകൂടം ഒപ്പം തന്നെയുള്ളപ്പോൾ,നിയമവും നീതിന്യായ വ്യവസ്ഥയും അവരെ ഒന്നും ചെയ്യില്ലെന്ന ഉറപ്പും ആ സ്വാതന്ത്യവും അവർക്കുള്ളപ്പോൾ അവർ ആരെ,എന്തിന് പേടിക്കണം?
തെറി വിളികളും സ്ലട്ട് ഷെയിമിങ്ങുമായി അവർ ഇപ്പോഴും ഞങ്ങളെ മാനസീകമായി തളർത്താൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.
ഭീഷണികൾ മുഴക്കി പേടിപ്പിച്ച് ഒരു മൂലയിൽ ഒതുക്കിയിരുത്താൻ നോക്കുകയാണ്.
പക്ഷേ SFI സഖാക്കളെ… വേട്ടപ്പട്ടികളെ…
ഞങ്ങൾ പറയട്ടെ,
നിങ്ങൾ തല്ലിച്ചതച്ച ഞങ്ങളുടെ ശരീരഭാഗങ്ങളിലെ വേദനകൾ മാഞ്ഞു. നിങ്ങൾ തന്ന മാനസീക പീഡനങ്ങളിൽ നിന്ന് ഞങ്ങൾ കരകയറി.
ഞങ്ങൾക്ക് നിങ്ങളെ പേടിയില്ല.
നിങ്ങളുടെ സൈബറിടങ്ങളിലെ അക്രമം ഞങ്ങളെ ബാധിക്കുന്നില്ല.
ഞങ്ങൾ പൊരുതിക്കൊണ്ടിരിക്കുകയാണ്, തളരാതെ പൊരുതി ജയിക്കുകയും ചെയ്യും.
ഞങ്ങൾ വേദനിച്ചവരാണ്, നിങ്ങളുടെ അക്രമത്തിന് ഇരയായവരാണ്,
നീതി കിട്ടും വരെ തളരാതെ പോരാടുക തന്നെ ചെയ്യും.
വേട്ടപ്പട്ടികളെ നിങ്ങൾ കുരക്കൂ… ഉറക്കെ ഉറക്കെ കുരക്കൂ…
ഞങ്ങൾ പതറില്ല….
Post Your Comments