ന്യൂഡല്‍ഹി : കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിനുശേഷമുള്ള കോണ്‍ഗ്രസ് നയങ്ങളാണ് ജനങ്ങളുടെ ദുരിതത്തിന് ഇടയാക്കിയതെന്നും ജനങ്ങളുടെ ക്ഷേമത്തിനുപകരം ഒരു കുടുംബത്തിന് സ്തുതിപാടാനാണ് കോണ്‍ഗ്രസ് സമയം ചെലവഴിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യസഭയിലും ലോക്സഭയിലും രൂക്ഷമായ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മോദിയുടെ പ്രസംഗം. കോണ്‍ഗ്രസ് മുക്തഭാരതം എന്ന ആശയം തന്റെയല്ല, മഹാത്മാ ഗാന്ധിയുടേതാണെന്നു മോദി പറഞ്ഞു.
അടിയന്തരാവസ്ഥ, കുംഭകോണങ്ങള്‍, അഴിമതി, സിഖുകാര്‍ക്കെതിരേയുള്ള കലാപം എന്നിവയുള്ള പഴയ ഇന്ത്യയാണ് കോണ്‍ഗ്രസിനു വേണ്ടത്. എന്നാല്‍, തന്റെ പാര്‍ട്ടി പുതിയ ഇന്ത്യ രൂപീകരിക്കാനാണ് ആഗ്രഹിക്കുന്നത്. അഴിമതിയും ഇടനിലക്കാരും ഇല്ലാതാകുമ്പോള്‍ കോണ്‍ഗ്രസ് മൊത്തത്തില്‍ അസന്തുഷ്ടരാകുകയാണ്.
ഇന്ത്യക്ക് ജനാധിപത്യം ലഭിച്ചത് ജവാഹര്‍ലാല്‍ നെഹ്റുവില്‍ നിന്നായിരുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയും. നെഹ്റുവിനുപകരം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആയിരുന്നു പ്രഥമപ്രധാനമന്ത്രിയെങ്കില്‍ മുഴുവന്‍ കശ്മീരും ഇന്ന് ഇന്ത്യയുടെ കൈയിലാകുമായിരുന്നു.
കോണ്‍ഗ്രസാണ് ഇന്ത്യയെ രണ്ടായി വിഭജിച്ചത്. എന്നിട്ടും രാജ്യം കോണ്‍ഗ്രസിനൊപ്പം നിന്നു. അന്നു കാര്യമായ പ്രതിഷേധങ്ങളുണ്ടായില്ല. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ കോണ്‍ഗ്രസ് ഭരണമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ മാത്രം ക്ഷേമം മുന്നില്‍ കണ്ടു പ്രവര്‍ത്തിച്ചു. 1947 ഓഗസ്റ്റ് 15നു മുന്‍പ് ഇവിടെ രാജ്യമേ ഉണ്ടായിരുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ധാരണ. കഴിഞ്ഞ ഡിസംബറില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് നടന്നത് തെരഞ്ഞെടുപ്പായിരുന്നോ അതോ കിരീടധാരണമായിരുന്നോ എന്നും മോദി ചോദിച്ചു. നിങ്ങള്‍ക്കു പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍, തന്റെ പ്രസംഗത്തെ തടസപ്പെടുത്താനാകില്ലെന്നും ലോക്സഭയില്‍ മോഡി പ്രതിപക്ഷത്തോട് പറഞ്ഞു.
ഇതോടൊപ്പം മുത്തലാഖ് ബില്‍, പിന്നോക്ക ബില്‍ എന്നിവ പാസാക്കുന്നതിന് പ്രതിപക്ഷ സഹകരണം തേടിയ പ്രധാനമന്ത്രി പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കുമുള്ള പൊതുതെരഞ്ഞെടുപ്പ് ഒരുമിച്ചാക്കുന്ന വിഷയത്തില്‍ പ്രതിപക്ഷത്തെ ക്രിയാത്മക ചര്‍ച്ചയ്ക്കും ക്ഷണിച്ചു.എന്നാൽ നരേന്ദ്രമോദി പ്രതിപക്ഷ നേതാവല്ലെന്നും പ്രധാനമന്ത്രിയാണെന്ന കാര്യം മറക്കരുതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
ലോക്സഭയിലെ മോദിയുടെ പ്രസംഗം രാഷ്ട്രീയ, തെരഞ്ഞെടുപ്പു പ്രചാരണമാണെന്നും രാഹുല്‍ മാധ്യമങ്ങളോടു പറഞ്ഞു
Post Your Comments