
തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു ബിഎസ്എന്‍എല്‍ വിട്ടു സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കണക്ഷനിലേക്കു മാറാന്‍ അവസരം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. 4-ജി ഇല്ലെന്നുള്ള കാരണം പറഞ്ഞാണ് ബി.എസ്.എന്‍.എല്‍ ഉപേക്ഷിയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇന്നു മുതല്‍ സംസ്ഥാനത്തു ബിഎസ്എന്‍എല്‍ 4 ജി സേവനം തുടങ്ങുമെന്നറിയിച്ചിട്ടും ബി.എസ്.എന്‍.എല്‍ കണക്ഷനില്‍ നിന്നും മാറാന്‍ ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
നിലവിലെ ബിഎസ്എന്‍എല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ എന്നിവയ്ക്കു പകരമായി സ്വകാര്യ കമ്പനികളുടെ കണക്ഷനെടുക്കാം. ഒരു വര്‍ഷം 90,000 രൂപ വരെ ഫോണ്‍ ഉപയോഗത്തിനായി സര്‍ക്കാര്‍ നല്‍കും. വൈകാതെ മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും ബിഎസ്എന്‍എല്‍ നമ്പറുകള്‍ ഉപേക്ഷിച്ചേക്കും.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്ന ഉറച്ച നിലപാടുള്ള സര്‍ക്കാരാണ് ബിഎസ്എന്‍എല്ലിനെ കയ്യൊഴിയുന്നത്. ഉത്തരവിറക്കിയതാകട്ടെ മുഖ്യമന്ത്രിക്കു കീഴിലുള്ള പൊതുഭരണവകുപ്പും. ബിഎസ്എന്‍എല്ലിനു 4 ജി സേവനമില്ലാത്തതിനാല്‍ ഫോണ്‍ ഡേറ്റാ ഉപയോഗം ഫലപ്രദമാകുന്നില്ലെന്നും അതിനാലാണ് സ്വകാര്യ കമ്പനികളിലേക്കു മാറുന്നതെന്നുമാണ് ഉത്തരവിലെ ന്യായീകരണം. എന്നാല്‍ ഇന്നുമുതല്‍ ഇടുക്കിയിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ജില്ലകളിലും 4 ജി സേവനം ലഭ്യമാകുമെന്നു ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.
നിലവിലെ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ പുതിയ കണക്ഷന്‍ എടുക്കുന്നതോടെ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നമ്പറുകളെല്ലാം കൂട്ടത്തോടെ മാറുകയും ചെയ്യും. വീട്ടിലെ ബ്രോഡ്ബാന്‍ഡ് കണക്ഷനും ഇനി ബിഎസ്എന്‍എല്‍ തന്നെ വേണമെന്നില്ല.
Post Your Comments