കൊച്ചി : ആസിഫ് അലി നായകനായ ബിടെക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ചത് സിനിമയെപ്പോലും വെല്ലുന്ന കാര്യങ്ങളാണ്. നായകനെന്നോ നായികയെന്നോ നോക്കാതെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ലൊക്കേഷനിലുണ്ടായവരെ എടുത്ത് പെരുമാറിയെന്നാണ് വാര്‍ത്ത. ആസിഫ് അലിക്കും സൈജു കുറുപ്പിനും അപര്‍ണ ബാലമുരളി എന്നിവര്‍ക്കെല്ലാം തല്ല് കിട്ടിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ ബിടെക്കിന്റെ ഷൂട്ടിംഗിനിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ മൃദുല്‍ നായര്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഒരു സമര രംഗം ചിത്രീകരിക്കുന്നതിനിടെ പോലീസുകാരായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. റിഹേഴ്‌സലില്‍ പറഞ്ഞതല്ല ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഷോട്ടില്‍ ചെയ്തത് എന്ന് സംവിധായകന്‍ മൃദുല്‍ നായര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസത്തെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം.
റിഹേഴ്‌സലില്‍ രണ്ട് ആര്‍ട്ടിസ്റ്റുകള്‍ ആയിരുന്നു പോലീസ് ഓഫീസര്‍മാരുടെ വേഷത്തില്‍ ലാത്തിയുമായി എത്തിയത്. എന്നാല്‍ ചിത്രീകരണ സമയത്ത് രണ്ട് എന്നത് ആറ് പേരായി ഉയര്‍ന്നു. ആ സീനില്‍ ഉണ്ടായിരുന്നത് സൈജു കുറുപ്പ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി എന്നിവരടക്കമുള്ള താരങ്ങളായിരുന്നു.
സമര രംഗം ആയത് കൊണ്ട് തന്നെ ഇവര്‍ക്ക് നേരെ പോലീസ് ലാത്തി വീശുന്ന സീനായിരുന്നു ചിത്രീകരിച്ച് കൊണ്ടിരുന്നത്. എന്നാല്‍ സംവിധായകന്‍ കട്ട് പറഞ്ഞിട്ടും കര്‍ണാടകക്കാരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ലാത്തി വീശല്‍ നിര്‍ത്തിയില്ല. ഇതോടെ സംവിധായകന്‍ ഇവരോട് ദേഷ്യപ്പെട്ടു.
ഇതിനെത്തുടര്‍ന്നാണ് ഷൂട്ടിംഗ് സ്ഥലത്ത് കൂട്ട അടി നടന്നത്. സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെല്ലാം സംഘം ചേര്‍ന്ന് വന്ന് താരങ്ങളെയടക്കം തല്ലുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിഗ് നിര്‍ത്തി വെയ്‌ക്കേണ്ടതായും വന്നു.
കര്‍ണാടകത്തില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകള്‍ ആയിരുന്നതിനാല്‍ താന്‍ മാപ്പ് പറയാന്‍ വരെ തയ്യാറായി എന്ന് മൃദുല്‍ നായര്‍ പറയുന്നു. സിനിമയെ ഓര്‍ത്താണ് മാപ്പ് പറഞ്ഞത്. നാന്നൂറോളം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ക്ഷമ ചോദിച്ച ശേഷം താന്‍ കാരവനിലേക്ക് പോയി.
എന്നാല്‍ മാപ്പ് പറഞ്ഞിട്ടും സെറ്റില്‍ അവര്‍ അക്രമം തുടരുകയായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. താരങ്ങളെ ശാരീരികമായി ആക്രമിച്ചത് കൂടാതെ സെറ്റിലെ വാഹനങ്ങളും അവര്‍ കേടുവരുത്തി. രണ്ട് ടെമ്പോ ട്രാവലറുകളും ഒരു കാരവനും ഉള്‍പ്പെടെയാണ് കല്ലെറിഞ്ഞ് തകര്‍ത്തതെന്നും മൃദുല്‍ പറഞ്ഞു.
Post Your Comments