KeralaLatest NewsNews

തിരുവനന്തപുരത്ത് ഭാര്യവീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: ഭാര്യവീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം താന്നിമൂട് കോഴോട് വടക്കുംകര വീട്ടില്‍ അരുണ്‍പ്രസാദി(32) നെയാണ് ഇന്ന് രാവിലെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെങ്ങാനൂര്‍ മംഗലത്തുകോണം ഇടുവ സ്വദേശിനിയായ ഭാര്യ മുത്തുലക്ഷ്മിയുടെ വീട്ടിലാണ് ഇന്നുരാവിലെ അരുണിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിവരെ വീടിന്റെ ടെറസില്‍ വെല്‍ഡിങ് സംബന്ധമായ ജോലികളിലേര്‍പ്പെട്ടിരിക്കുകയായിരുന്നു അരുണ്‍ പ്രസാദ്. ഇന്നുരാവിലെ മുത്തുലക്ഷ്മി ചായയുമായെത്തി വിളിക്കുമ്പോഴാണ് കിടപ്പുമുറിയില്‍ അനക്കമില്ലാത്ത നിലയില്‍ അരുണ്‍പ്രസാദിനെ കണ്ടെത്തിയത്.

എന്നാല്‍ എന്തു സംഭവിച്ചു എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് മുത്തു ലക്ഷ്മിയും കുടുംബവും പൊലീസില്‍ മൊഴി നല്‍കിയത്. രാവിലെ അനക്കമില്ലാതെ കട്ടിലില്‍ കിടന്ന അരുണിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മുത്തുലക്ഷ്മിയുടെ ബന്ധുക്കള്‍ വിവരം അരുണിന്റെ വീട്ടുകാരെ അറിയിച്ചു. വെല്‍ഡിങ് തൊഴിലാളിയായ അരുണ്‍പ്രസാദ് ആറുവര്‍ഷം മുമ്പാണ് കുടുംബവീട്ടില്‍ നിന്ന് മുത്തുലക്ഷ്മിയുമായി ഭാര്യവീട്ടില്‍ താമസത്തിനെത്തിയത്. പ്രസ്റ്റി പ്രസാദെന്ന രണ്ടുവയസുള്ള ഒരു കുട്ടിയും ഇവര്‍ക്കുണ്ട്.

അതേസമയം സംഭവത്തില്‍ ദുരൂഹതയാരോപിച്ച് യുവാവിന്റെ ബന്ധുക്കള്‍ ബാലരാമപുരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇടപെട്ട് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button