മറയൂര്‍: അര്‍ധരാത്രി വീടിന്റ മേല്‍ക്കൂര തകര്‍ത്ത് കാട്ടു പോത്ത് വീട്ടിനുള്ളിലേക്ക് വീണു. ഉറക്കം പിടിച്ച വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തേക്ക് ഓടി. ഞായറാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. ആസ്ബെറ്റോസ് മേല്‍ക്കൂര തകര്‍ത്ത് പോത്ത് അകത്തേയ്ക്ക് വീണതോടെ ടിവിയും അലമാരയും അടക്കമുള്ള ഗൃഹോപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു. പള്ളനാട്ട് സ്വദേശി രാംകുമാറിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ത്താണ് കാട്ടുപോത്ത് വീടിനകത്തേക്കു വീണത്. നഷ്ടപരിഹാരം കിട്ടാതെ പോത്തിനെ തുറന്നുവിടില്ലെന്നു നാട്ടുകാര്‍ നിലപാടെടുത്തു.
ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വനപാലകരും പൊലീസുമെത്തി ചര്‍ച്ച നടത്തി. പള്ളനാട്, മംഗള പാറ, നാച്ചിവയല്‍ പോലുള്ള ജനവാസമേഖലകളില്‍ സംരക്ഷണവേലി നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ആവശ്യം അംഗീകരിച്ചതിനേ തുടര്‍ന്ന് ഇന്നലെ രാവിലെ പത്തരയോടെയാണ് പോത്തിനെ തുറന്നുവിട്ടത്. 11 മണിക്കൂര്‍ വനപാലകരുമായി നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഇവര്‍ ഒടുവില്‍ കാട്ടു പോത്തിനെ തുറന്ന് വിടാന്‍ തയ്യാറായത്.
നടവഴി മുകളിലേക്കു കയറിയ പോത്ത് തിരിച്ചിറങ്ങുന്നതിനിടെ വീടിന്റെ മുകളിലൂടെ അടുക്കള ഭാഗത്തേക്കു വീഴുകയായിരുന്നു. സംരക്ഷണ വേലി ഉടന്‍ നിര്‍മ്മിക്കുമെന്നും വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ രണ്ടു വാച്ചര്‍മാരെ നിയമിക്കുമെന്നും ഡി.ഫ്.ഒ അഫ്സല്‍ അഹമ്മദ് പറഞ്ഞു. വീട്ടുകാര്‍ ഉറക്കം പിടിച്ച ശേഷം രാത്രി 11.30ഓടെയാണ് കാട്ടുപോത്ത് അകത്തേക്ക് വീഴുന്നത്. അലമാരയും കിടക്കയുമൊക്കെ ഇതോടെ തവിടുപൊടിയായി. ബഹളം കേട്ട് രാംകുമാറും ഭാര്യയും പുറത്തേക്കോടി വീട് പൂട്ടി. ഇതിനിടെ, സമീപത്തെ മരണവീട്ടിലെത്തിയ ആളുകളും ഓടിയെത്തി.
Post Your Comments