Latest NewsNewsInternational

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം : 15 ദിവസത്തേയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മാലെ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുള്ള യാമീന്‍ അബ്ദുള്‍ ഗയൂം 15 ദിവസത്തേയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയം ഈ സാഹചര്യത്തിൽ മാലദ്വീപിലുള്ള ഇന്ത്യക്കാരെല്ലാം ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു. അത്യാവശ്യ യാത്രകൾ ഒഴികെ മാലദ്വീപിലേക്കുള്ള എല്ലാ സന്ദർശനങ്ങളും റദ്ദാക്കാനും നിർദേശമുണ്ട്. രാഷ്ട്രീയത്തടവുകാരെ ജയില്‍മോചിതരാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ യാമീന്‍ തയ്യാറാകാത്തതാണ് രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാക്കിയത്.

ഭരണകക്ഷിയില്‍നിന്ന് കൂറുമാറിയതിനെ തുടര്‍ന്ന് 12 എംപിമാരെ അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഇതോടെ 85 അംഗ പാര്‍ലമെന്റില്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യമായി. സര്‍ക്കാരും സുപ്രീംകോടതിയുമായുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റിന്റെ സഹായി അസിമ ഷുക്കൂര്‍ ടെലിവിഷനിലൂടെ അറിയിച്ചത്. പൊതുസ്ഥലങ്ങളിൽ കരുതൽ വേണമെന്നും പൊതുഇടങ്ങളിലെ കൂട്ടംചേരലുകളിൽ നിന്നു വിട്ടുനിൽക്കണമെന്നും ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം നിർദേശിച്ചു.

കഴിഞ്ഞ ദിവസം മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനെ കുറ്റവിചാരണയ്ക്കോ അറസ്റ്റിനോ കോടതി ഉത്തരവിട്ടാൽ അത് അനുസരിക്കരുതെന്നു സൈന്യത്തോട് മാലദീപ് ഭരണകൂടം നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം നൽകിയത് യമീനിനെ അനുകൂലിക്കുന്ന അറ്റോർണി ജനറൽ മുഹമ്മദ് അനിലാണ്. ഇതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ച അടിയന്തരാവസ്ഥ‍ പ്രഖ്യാപനം വന്നത്. രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരത്തിനായി നേരത്തേ തിരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്നും പ്രസിഡന്റ് യമീന്‍ പറഞ്ഞിരുന്നു. പ്രസിഡന്റിനെ ഇംപീച്ച്‌ചെയ്യാനുള്ള സാഹചര്യമൊരുങ്ങിയത് തിരിച്ചറിഞ്ഞ യാമീന്‍ വിധി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് ജഡ്ജിമാര്‍ക്ക് കത്തയച്ചു. ഇതിനു പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സംശയം തോന്നുന്നവരെ അറസ്റ്റ്ചെയ്യാനും കസ്റ്റഡിയില്‍വയ്ക്കാനും സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്നതാണ് അടിയന്തരാവസ്ഥ. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തിറങ്ങിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. ലോകരാജ്യങ്ങളോട് പ്രശ്നത്തില്‍ ഇടപെടണമെന്ന് പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയപ്രതിസന്ധിയില്‍ ചൈന ആശങ്ക പ്രകടിപ്പിച്ചു. ഇത് രണ്ടാംതവണയാണ് യാമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. തനിക്കെതിരായ വധശ്രമത്തിന്റെ പേരില്‍ 2015 നവംബറിലാണ് യാമീന്‍ ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്നും ദ്വീപില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്യാനുള്ള ഏത് ശ്രമത്തെയും ചെറുക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ ഇത്തരം ശ്രമങ്ങള്‍ നിയമവിരുദ്ധവും രാജ്യസുരക്ഷയെ ബാധിക്കുന്നതുമാണ്. സൈന്യമോ പൊലീസോ ഇത്തരം ഉത്തരവുകള്‍ അനുസരിക്കരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. പുതുതായി നിയമിതരായ പൊലീസ്, സൈനിക മേധാവികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ള പ്രതിപക്ഷനേതാക്കളെ തീവ്രവാദക്കേസില്‍ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയപ്പോള്‍ പ്രസിഡന്റ് യാമീന്‍ രണ്ട് പൊലീസ് മേധാവികളെ പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button