KeralaLatest NewsNews

ബിനോയ് കോടിയേരിക്കെതിരായ വാര്‍ത്താ സമ്മേളനം നടത്തുന്നതില്‍ പുതിയ വഴിത്തിരിവ്

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ പരാതിക്കാരനായ മര്‍സൂഖി വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനം ഉപേക്ഷിക്കാന്‍ സാധ്യത. കോടതി വിലക്ക് നിലനില്‍ക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നത്. ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

ബിനോയ് കോടിയേരിക്ക് സമാനമായ സാമ്പത്തിക ആരോപണങ്ങള്‍ നേരിടുന്ന ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ളയുടെ മകനെതിരായ വാര്‍ത്തകള്‍ നല്‍കുന്നതിനാണ് കരുനാഗപ്പള്ളി സബ്‌കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് കേസുകള്‍ക്കും ബന്ധമുണ്ട്. ചവറ എംഎല്‍എയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരെയും പരാതിക്കാരന്‍ മര്‍സൂഖി തന്നെയാണ്. ഈ സാഹചര്യത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും സൂചിപ്പിക്കേണ്ടിവരും. ഇത് കോടതിയലക്ഷ്യമാകുമെന്നതിനാലാണ് വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നത്.

ശ്രീജിത്ത് വിജയനെതിരായ കേസിനെ കുറിച്ച് മാധ്യമ ചര്‍ച്ചകളോ പരമാര്‍ശങ്ങളോ ഉണ്ടാകരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ശ്രീജിത്തിനെതിരായ കേസുകള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിധിയുടെ പകര്‍പ്പ് തിരുവനന്തപുരം പ്രസ് ക്ലബ്ബിലും ബന്ധപ്പെട്ട മാധ്യമ സ്ഥാപനങ്ങളിലും പതിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം നിരോധിക്കാന്‍ പ്രസ് ക്ലബ്ബ് നിര്‍ബന്ധിതമായിരിക്കുന്നത്.

ബിനോയ് കോടിയേരിയുടെ സാമ്പത്തിക കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഫെബ്രുവരി അഞ്ചിന് വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിടുമെന്നായിരുന്നു മര്‍സൂഖിയുടെ ഇന്ത്യയിലെ അഭിഭാഷകന്‍ രാം കിഷോര്‍ യാദവ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നത്.

ബിനോയ് 13 കോടിയും ശ്രീജിത്ത് 11 കോടിയും നല്‍കാനുണ്ടെന്നാണ് മര്‍സൂഖിയുടെ ജാസ് ടൂറിസം കമ്പനി അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button