KeralaLatest NewsNews

സംസ്ഥാനത്തെ ഓരോ വ്യക്തിയ്ക്കും കടം ഇത്രയും രൂപ

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ കേരളത്തിന്റെ കടബാധ്യത മൂന്നുലക്ഷം കോടിയാകുമെന്നു ബജറ്റ് നയരേഖ. ശമ്പളത്തിനു 39,643 കോടിയും പെന്‍ഷന് 23,342 കോടിയും വേണ്ടിവരും. അപ്പോഴേക്ക് അടുത്ത ശമ്പളപരിഷ്കരണത്തിനു സമയമാകും. സാമ്ബത്തികപ്രതിസന്ധി പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലെത്തും. റവന്യൂ വരവിന്റെ 57.65% ശമ്പളത്തിനും പെന്‍ഷനും വായ്പാപലിശയ്ക്കുമാണു വിനിയോഗിക്കുന്നത്. 2020-21 ആകുമ്പോള്‍ വരുമാനത്തിന്റെ 14.28% പലിശയ്ക്കു മാത്രം വേണ്ടിവരും-ഏകദേശം 20,731 കോടി രൂപ.

ഇടതുസര്‍ക്കാര്‍ 2016-ല്‍ അധികാരമേറ്റെടുക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 1,86,454 കോടി രൂപയായിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ കാലാവധി കഴിയുന്ന 2021-ല്‍ ഇത് 2,93,074 കോടിയിലെത്തും. അതായത്, സംസ്ഥാനത്തെ ഓരോ വ്യക്തിയും 83,735.42 രൂപയുടെ കടം പേറേണ്ടിവരും. റവന്യൂ ചെലവില്‍ വന്‍വര്‍ധനയ്ക്കും ഈ കടബാധ്യത കാരണമാകുമെന്നു ബജറ്റിനൊപ്പം നിയമസഭയില്‍ സമര്‍പ്പിച്ച ഇടക്കാല ധനകാര്യനയത്തില്‍ വ്യക്തമാക്കുന്നു. മുന്‍സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലാവധിയില്‍ വായ്പാവര്‍ധന 86,000 കോടി രൂപയായിരുന്നു.

വായ്പയില്‍ പ്രതിവര്‍ഷം ശരാശരി 20,000 കോടി രൂപയുടെ വര്‍ധനയുണ്ടാകുമ്പോള്‍, ആനുപാതികമായി വരുമാനവര്‍ധനയുണ്ടാകുന്നില്ല. അഞ്ചുവര്‍ഷം കൊണ്ട് കടബാധ്യതയിലുണ്ടാകുന്ന വര്‍ധന 1,06,593 കോടി രൂപ. റവന്യൂ ചെലവുകള്‍ കുതിച്ചുകയറുന്നു. സംസ്ഥാനത്തിന്റെ പൊതുകടം 2020-21ല്‍ 2,93,074 കോടി രൂപയിലെത്തുമ്ബോള്‍ വരുമാനം 1,45,207 കോടി മാത്രമാണ്. ഓരോ 10 വര്‍ഷം കൂടുമ്പോഴും വായ്പയുടെ നിശ്ചിതശതമാനം തിരിച്ചടയ്ക്കുകയും വേണം. റവന്യൂ വരുമാനം 2020-21ല്‍ 1,45,207 കോടിയാകുമ്പോള്‍, ചെലവ് 1,58,328 കോടിയായി ഉയരും.

ഇതാണ് അവസ്ഥയെങ്കിലും 3000 കോടിയോളം രൂപ മൂലധനച്ചെലവിനു മാറ്റിവയ്ക്കുമെന്നും നയരേഖ വ്യക്തമാക്കുന്നു. പൊതുവിപണിയില്‍നിന്ന് എടുക്കുന്ന വായ്പ മൂലധനനിക്ഷേപത്തിനു വിനിയോഗിക്കണമെന്നാണു കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി(സി.എ.ജി)ന്റെ നിര്‍ദേശം. മൂലധനത്തില്‍നിന്നുള്ള വരുമാനം വായ്പ തിരിച്ചടയ്ക്കാന്‍ വിനിയോഗിക്കണം. എന്നാല്‍, നിലവില്‍ വായ്പയെടുത്തു ശമ്പളവും പെന്‍ഷനും പലിശയും നല്‍കേണ്ട ഗതികേടിലാണു സര്‍ക്കാര്‍.

വായ്പ ഉയരുമെങ്കിലും വരുമാനം വര്‍ധിപ്പിച്ചും ചെലവു നിയന്ത്രിച്ചും സാമ്ബത്തികസ്ഥിതി ശക്തിപ്പെടുത്താനാകും സര്‍ക്കാരിന്റെ ശ്രമം. ഇതിലൂടെ 2020-21ല്‍ ധനക്കമ്മി നിര്‍ദിഷ്ട മൂന്നുശതമാനത്തില്‍ താഴെ, 2.91%-ല്‍ എത്തിക്കാമെന്നും റവന്യൂ കമ്മി 1.33%-ല്‍ എത്തിക്കാമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. വരുമാനം ഇടിയുന്നതിനു പുറമേ ചെലവ് അധികരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നിയന്ത്രണങ്ങളില്‍ ഇളവു പ്രതീക്ഷിക്കാനാകില്ല. പദ്ധതിയേതര ചെലവുകളില്‍ കര്‍ശന നിയന്ത്രണമുണ്ടാകുമെന്നു നയരേഖ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button