പാരിസ് ഉച്ചകോടിയില്‍ ഉള്‍പ്പടെ ലോകരാജ്യങ്ങള്‍ പ്രാഥമിക ലക്ഷ്യമായി പ്രഖ്യാപിച്ച ഒന്നാണ് ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കി ചുരുക്കുകയെന്നത് . ഈ ലക്ഷ്യം നേടുക ഇനി സാധ്യമല്ലെന്നാണ് രാജ്യാന്തര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ താപനിലയുടെ വര്‍ധനവിന്റെ തോതും ഉയരുന്ന കാര്‍ബര്‍ ബഹിര്‍ഗമന നിരക്കും പരിശോധിച്ചാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആഗോളതാപനില 1.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുമെന്നാണ് ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവു നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍ക്കു സാധിച്ചിട്ടില്ല, അതിനാല്‍ തന്നെ അഞ്ച് വര്‍ഷത്തിനുള്ളില്‍ താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ശാസ്ത്രജ്ഞനായ സ്‌ററീഫന്‍ ബെല്‍ഷെര്‍ വിശദീകരിക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി താപനിലയില്‍ തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഒരു ഡിഗ്രിയോളമാണ് ഇക്കാലയളവില്‍ ലോകത്തിലെ താപനില വര്‍ധിച്ചത്. വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതും മറ്റു രീതിയില്‍ പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം ഉയര്‍ന്നതും വ്യാപകമായ വനനശീകരണവുമാണ് കാര്‍ബണ്‍ ബഹിര്‍ഗമനം കുത്തനെ ഉയരാന്‍ കാരണമായത്. ഈ മൂന്നു പ്രതിസന്ധികളും ഇതുവരെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍ക്കായിട്ടില്ല.
വികസിത രാജ്യങ്ങള്‍ പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനും മറ്റും ശ്രമമാരംഭിച്ചെങ്കിലും ഇന്ത്യയും ചൈനയും ഉള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇതത്ര എളുപ്പമാകില്ല. പ്രത്യേകിച്ചും ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളാണ് വികസ്വര, അവികസിത രാജ്യങ്ങള്‍ എന്നതിനാല്‍ ഇവിടങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ അത്ര എളുപ്പമാകുകയുമില്ല.
താപനില കുത്തനെ ഉയരുന്നതോടെ അപ്രതീക്ഷിതമായ കാലാവസ്ഥയാണ് ഭൂമിയെ കാത്തിരിക്കുന്നത്. വരള്‍ച്ച, പേമാരി, കാലം തെറ്റിയെത്തുന്ന മഴ, തുടര്‍ച്ചയായി വീശുന്ന കൊടുങ്കാറ്റും ചുഴലിക്കാറ്റും, ശക്തമായ മഞ്ഞു വീഴ്ച ഇവയെല്ലാം താപനിലയിലെ വര്‍ധനവു മൂലമുണ്ടാകുന്ന കാലാസവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. താപനില ഇനിയും ഉയരുന്നതോടെ ലോകത്തെ വന്‍ നഗരങ്ങളടക്കം സമുദ്രതീരത്തുള്ള പല പ്രദേശങ്ങളും കടലെടുക്കുമെന്നാണു ഗവേഷകര്‍ നല്‍കുന്ന മറ്റൊരു മുന്നറിയിച്ച്. ആര്‍ട്ടിക്കിലെയും അന്റാര്‍ട്ടിക്കിലെയും മഞ്ഞുരുകി കടല്‍ നിരപ്പുയരുന്നതാണ് ഇതിനു കാരണം.
വ്യാവസായവല്‍ക്കരണ കാലഘട്ടത്തിലെ താപനിലയേക്കാള്‍ എത്ര ഡിഗ്രി സെല്‍ഷ്യസ് ചൂടു കൂടുന്നുവെന്നത് കണക്കാക്കിയാണ് ആഗോളതാപനത്തിന്റെ അളവ് കാലാവസ്ഥാ ഗവേഷകര്‍ നിശ്ചയിക്കുന്നത്. 1850കളാണ് വ്യാവസായവല്‍ക്കരണ കാലമായി കണക്കാക്കുന്നത്. ഇതിനു ശേഷം ഭൂമിയിലെ താപനിലയിലുണ്ടാകുന്ന ശരാശരി വര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാക്കി നിയന്ത്രിക്കുക എന്നതായിരുന്നു പാരിസ് ഉച്ചകോടിയില്‍ പ്രഖ്യാപിച്ച പ്രാഥമിക ലക്ഷ്യം. ഇതു സാധിച്ചില്ലെങ്കില്‍ പരമാവധി 2 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില ഉയരാതിരിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. രണ്ട് ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക് താപനില ഉയര്‍ന്നാല്‍ പിന്നെ ഭൂമിയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിലവിലെ ജൈവവ്യവസ്ഥയെ തന്നെ തകര്‍ക്കാന്‍ പോന്നതായിരിക്കും.
Post Your Comments