Latest NewsNewsGulf

പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതിയുമായി ബന്ധപ്പെട്ട് സൗദിയുടെ സുപ്രധാന തീരുമാനം ഇങ്ങനെ

കൊണ്ടോട്ടി: ഈവര്‍ഷം തീര്‍ഥാടനത്തിന് അവസരം ലഭിച്ച പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതിയില്‍ മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ കത്ത്. പ്രവാസികളുടെ പാസ്പോര്‍ട്ട് സമര്‍പ്പണ തിയതി നീട്ടണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സൗദി ഹജ്ജ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് തിയതി നീട്ടാനാവില്ലെന്നും മെയ് 15നുള്ളില്‍ ഇന്ത്യയിലെ തീര്‍ഥാടകരുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും സൗദി ഹജ്ജ് മന്ത്രാലയംഅറിയിച്ചത്.

ഈ വര്‍ഷത്തെ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ വിവരങ്ങള്‍ മെയ് 15നകം ഇ-പാത്ത് വഴി ശേഖരിച്ച് ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഇതിനുശേഷം തീര്‍ഥാടകരുടെ രേഖകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും ഇനി എല്ലാതവണയും ഇന്ത്യന്‍ തീര്‍ഥാടകരുടെ വിവരങ്ങള്‍ അറബി മാസം ശഅ്ബാനിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും കാണിച്ചാണ് സൗദി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കത്ത് നല്‍കിയത്. ഹജ്ജിന് അവസരം ലഭിച്ച പ്രവാസികളല്ലാത്ത മുഴുവന്‍ പേരും ഈ മാസം 12നുള്ളില്‍ പാസ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണം.

മുന്‍വര്‍ഷങ്ങളില്‍ പ്രവാസി തീര്‍ഥാടകര്‍ യാത്രയ്ക്ക് ആഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ് പാസ്പോര്‍ട്ട് സമര്‍പ്പിക്കാറുള്ളത്. 40 ദിവസം നീളുന്ന തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നതിനായി പാസ്പോര്‍ട്ട് മൂന്ന് മാസം മുന്‍പ് സമര്‍പ്പിക്കണമെന്ന് പറയുന്നത് ഏറെ പ്രയാസമാണെന്ന് പ്രവാസികള്‍ പറയുന്നു. ജൂലൈ മുതലാണ് ഹജ്ജ് സര്‍വിസ് ആരംഭിക്കുന്നത്. തൊഴിലുകള്‍ക്ക് പ്രയാസമാകാത്ത രീതിയില്‍ അവധികള്‍ ക്രമീകരിച്ച് ഏപ്രില്‍ 15 ന് മുന്‍പ് തന്നെ പാസ്പോര്‍ട്ട് സംസ്ഥാന ഹജ്ജ്കമ്മിറ്റി ഓഫിസില്‍ സമര്‍പ്പിക്കേണ്ട അവസ്ഥയിലാണ് പ്രവാസികള്‍.

shortlink

Post Your Comments


Back to top button