തിരുവനന്തപുരം: സ്ത്രീകളുടെ ഉന്നമനത്തിനും പുരോഗതിക്കും സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയത് സന്തോഷകരവും സ്വാഗതാര്‍ഹവുമാണെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അതോടൊപ്പം ആരോഗ്യ മേഖലയ്ക്ക് ഏറ്റവും മുന്തിയ പരിഗണന നല്‍കിയതും സന്തോഷകരമാണ്.
അതിക്രമത്തെ അതിജീവിക്കുന്നവര്‍ക്ക് അടിയന്തിര സഹായം ചെയ്യുന്നതിനായി 3 കോടിയും ഇവരെ പുനരധിവസിക്കുവാന്‍ നിര്‍ഭയ വീടുകള്‍ സ്ഥാപിക്കാന്‍ 5 കോടിയും വകയിരുത്തി. സ്ത്രീകളുടേയും വയോജനങ്ങളുടേയും അഭയകേന്ദ്രങ്ങള്‍ നവീകരിക്കുന്നതിന് 20 കോടിരൂപ വകയിരുത്തി. അവിവാഹിതരായ അമ്മമാരുടെ പ്രതിമാസ സഹായം സ്‌നേഹ സ്പര്‍ശം 1000 രൂപയില്‍ നിന്നും 2000 രൂപയാക്കി വര്‍ധിപ്പിച്ചു.
ആര്‍ദ്രം പദ്ധതിയുമായി മുന്നോട്ടുനീങ്ങുന്ന പൊതു ആരോഗ്യ സേവനത്തിനായി 1685.70 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. രോഗം വരാതിരിക്കാന്‍ രോഗപ്രതിരോധ നടപടികള്‍, രോഗം വന്നാല്‍ വിദഗ്ധ ചികിത്സ, ചികിത്സിച്ചിട്ടും ഫലമില്ലെങ്കില്‍ സാന്ത്വന പരിചരണം എന്നിവ ചേര്‍ന്നുള്ള ഒരു പൊതു ആരോഗ്യ സംവിധാനമാണ് ലക്ഷ്യമിടുന്നത്. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി കുടുംബങ്ങളുടെ ആരോഗ്യനില തുടര്‍ച്ചയായി മോണിറ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനം സൃഷ്ടിക്കും.
എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി വിഭാഗം ആരംഭിക്കുന്നതോടൊപ്പം മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്കുയര്‍ത്തും. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത്‌ലാബ്, ഓപ്പറേഷന്‍ സൗകര്യങ്ങളോടു കൂടിയ കാര്‍ഡിയോളജി വകുപ്പുകള്‍ ആരംഭിക്കുന്നതാണ്. എല്ലാ ജനറല്‍ ആശുപത്രികളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങളും താലൂക്ക് ആശുപത്രികളില്‍ ട്രാമകെയര്‍ സെന്ററുകളും സ്ഥാപിക്കും.
പ്രധാന ആശുപത്രികളില്‍ കാത്ത് ലാബുകള്‍, ഐ.സി.യു., ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക്, ദന്തല്‍ കോളേജ്, ദന്തല്‍ യൂണിറ്റ്, എമര്‍ജന്‍സി കെയര്‍സെന്ററുകള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍, മെറ്റേണിറ്റി യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് 69 കോടി രൂപ വകയിരുത്തി. മാനസികാരോഗ്യത്തിന് 17 കോടി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന് 23 കോടി, ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുന്നതിന് 15 കോടി, എന്‍.എച്ച്.എം.ന് സംസ്ഥാന വിഹിതമായി 355 കോടി രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. ആശ പ്രവര്‍ത്തകര്‍ക്കുള്ള പ്രതിമാസ അലവന്‍സ് 2000 രൂപ വര്‍ധിപ്പിച്ചു.
യൂബര്‍ ടാക്‌സി സംവിധാനം പോലെ സംസ്ഥാന വ്യാപകമായ ഒരു ആംബുലന്‍സ് സര്‍വീസ് ഇ-നെറ്റുവര്‍ക്ക് ശൃങ്കലയ്ക്ക് രൂപം നല്‍കും. അപകട സ്ഥലത്തു നിന്നും പ്രത്യേക മൊബൈല്‍ ആപ്പില്‍ സന്ദേശം നല്‍കിയാല്‍ ഏറ്റവും അടുത്തുള്ള ആംബുലന്‍സ് എത്തിച്ചേര്‍ന്ന് ഏറ്റവും അനുയോജ്യമായ ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കും.
ആരോഗ്യ സര്‍വകലാശാലയ്ക്ക് 24.5 കോടി രൂപ വകയിരുത്തി. 11 ദന്തല്‍ കോളേജുകള്‍ക്ക് 207 കോടി രൂപയും 5 ദന്തല്‍ കോളേജുകള്‍ക്ക് 34 കോടി രൂപയും 6 നഴ്‌സിംഗ് കോളേജുകള്‍ക്ക് 15 കോടി രൂപയും പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് 15 കോടി രൂപയും വകയിരുത്തി. ഇതിന് പുറമേ മെഡിക്കല്‍ കോളേജുകളിലെ മാതൃശിശു യൂണിറ്റുകള്‍, ഓങ്കോളജി കേന്ദ്രങ്ങള്‍, ബയോമെഡിക്കല്‍ വിംഗുകള്‍, മോളിക്കുലര്‍ ഡയഗ്നോസിസ് ഫെസിലിറ്റി, സ്‌ട്രോക്ക് സെന്റര്‍ എന്നിവയ്ക്ക് 42.45 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കേരളത്തില്‍ വര്‍ധിച്ചു വരുന്ന ക്യാന്‍സര്‍ രോഗികളുടെ എണ്ണം ആരേയും അമ്പരപ്പിക്കുന്നതാണ്. ആര്‍.സി.സി.യേയും മലബാര്‍ ക്യാന്‍സര്‍ സെന്ററിനേയുമാണ് കേരളത്തിലെ മഹാഭൂരിപക്ഷം ക്യാന്‍സര്‍ രോഗികളും ആശ്രയിക്കുന്നത്. വിദൂര സ്ഥലങ്ങളില്‍ നിന്നാണ് ഇവിടെ ചികിത്സയ്ക്കായെത്തുന്നത്. ഇവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് ക്യാന്‍സര്‍ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും കൂടുതല്‍ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചില മെഡിക്കല്‍ കോളേജില്‍ ഓങ്കോളജി വിഭാഗം ഉണ്ടെങ്കിലും അത് വിപുലമാക്കി സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി വിഭാഗം തുടങ്ങുന്നതാണ്. ഇതോടെ സാധാരണക്കാര്‍ക്ക് തൊട്ടടുത്ത സ്ഥലത്ത് മികച്ച ചികിത്സ ലഭ്യമാകും.
read also: തോമസ് ഐസക് അവതരിപ്പിച്ചത് ബജറ്റ് പ്രസംഗമല്ല, കഥാപ്രസംഗമാണെന്ന് എം.എം ഹസൻ
ക്യാന്‍സര്‍ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും കൂടുതല്‍ സൗകര്യമൊരുക്കേണ്ടതുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ക്യാന്‍സര്‍ ആശുപത്രികളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തെക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് സഹായകമായി റീജിയണല്‍ ക്യാന്‍സര്‍ സെന്ററും വടക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് ആശ്വാസമായി മലബാര്‍ ക്യാന്‍സര്‍ സെന്ററുമാണിപ്പോള്‍ ഉള്ളത്. വളരെയേറെ രോഗികള്‍ക്ക് ആശ്വാസമായ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ നിലവാരമുയര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ ആര്‍.സി.സി. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.
മധ്യകേരളത്തിലുള്ളവര്‍ക്ക് ക്യാന്‍സര്‍ ചികിത്സയ്ക്കായി ആര്‍സിസിയിലേ എംസിസിയിലോ പോകേണ്ട അവസ്ഥ മാറ്റേണ്ടതുണ്ട്. ഇത് മുന്നില്‍ കണ്ടാണ് മധ്യ കേരളത്തിന്റെ കേന്ദ്രമെന്ന നിലയില്‍ കൊച്ചിയില്‍ പുതിയ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ജീവിതശൈലീ രോഗങ്ങളും അവയുടെ അപകട സാധ്യതകളും കേരളത്തിലെ പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായി മാറുകയാണ്. കേരളത്തില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ശരാശരി മൂന്നിലൊരാള്‍ക്ക് രക്താതി സമ്മര്‍ദവും അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവും ഉണ്ടെന്നാണ് കേരള സര്‍ക്കാരും അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസും നടത്തിയ പഠനത്തില്‍ വെളിവാകുന്നത്. ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് ജീവിതശൈലീ രോഗങ്ങളില്‍ പ്രമുഖമായുള്ളത്. ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി നേരിടാന്‍ ബോധവത്ക്കരണത്തോടൊപ്പം മികച്ച ചികിത്സാ സൗകര്യങ്ങളും ഒരുക്കുകയാണ് ആരോഗ്യ വകുപ്പ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ജീവിത ശൈലീ രോഗങ്ങള്‍ കുറയ്ക്കാനുള്ള വിവിധ കര്‍മ്മ പദ്ധതികളാണ് ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്നത്.
ഹൃദ്രോഗ ചികിത്സയ്ക്കായി എല്ലാ ജില്ലാ ആശുപത്രികളിലും ഹൃദയാരോഗ്യ ചികിത്സാ വിഭാഗം തുടങ്ങും. ഇതോടെ തൊട്ടടുത്ത് തന്നെ മികച്ച ഹൃദ്രോഗ ചികിത്സാ സൗകര്യമാണൊരുക്കുന്നത്.
ഒരു വര്‍ഷം ഏകദേശം 40,000-ത്തോളം ഗുരുതര റോഡ് അപകടങ്ങളും 4,000 ത്തോളം അപകട മരണങ്ങളും സംഭവിക്കുന്ന സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്. അപകടമുണ്ടായി ഉടന്‍ അതായത് ഗോള്‍ഡന്‍ അവറിനുള്ളില്‍തന്നെ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്തത് കൊണ്ടാണ് പലപ്പോഴും മരണമുണ്ടാകുന്നത്. ഇത് മനസിലാക്കി കേരളത്തില്‍ സമഗ്ര ട്രോമകെയര്‍ സംവിധാനം സജ്ജമാക്കാനുള്ള ശ്രമത്തിലാണ് കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന് പുറമേയാണ് ജില്ലാ ആശുപത്രികളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും എല്ലാ താലൂക്കാശുപത്രികളിലും ട്രോമകെയര്‍ സംവിധാനവും കൊണ്ടുവരുന്നത്. ഇതോടെ അപകടത്തില്‍പ്പെട്ട എല്ലാവരേയും മെഡിക്കല്‍ കോളേജുകളിലേക്ക് കൊണ്ടുവരാതെ സമയം വളരെയേറെ ലാഭിച്ച് തൊട്ടടുത്തുതന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിയും.
Post Your Comments