Latest NewsNewsIndia

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദ്രുതഗതിയിലുള്ള സൈനിക നീക്കം ലക്ഷ്യമിട്ട് ഇന്ത്യ : ലക്ഷ്യം ചൈന

ന്യൂഡല്‍ഹി : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദ്രുതഗതിയിലുള്ള സൈനിക നീക്കം ലക്ഷ്യമിട്ട് ഇന്ത്യ.നാവിക സേനക്ക് കരുത്തേകാന്‍ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് കരഞ്ച് എത്തി.ഗോവയിലെ മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച ഐഎന്‍എസ് കരഞ്ച് കഴിഞ്ഞ ദിവസം നീറ്റിലിറക്കി

70,000 കോടി രൂപ ചിലവ് വരുന്ന പ്രോജക്ട് 75 ന്റെ ഭാഗമായി ഫ്രഞ്ച് സഹകരണത്തോടെ ഇന്ത്യ നിര്‍മ്മിക്കുന്ന മൂന്നാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയാണ് ഐ എന്‍ എസ് കരഞ്ച്.

ഫ്രഞ്ച് കമ്പനിയായ ഡിസിഎന്നുമായി സഹകരിച്ച് ആറ് ഡീസല്‍ ഇലക്ട്രിക് എഞ്ചിന്‍ അന്തര്‍വാഹിനികളാണ് ഇന്ത്യ നിര്‍മിക്കുന്നത്. 1565 ടണ്‍ ഭാരമാണ് ഐഎന്‍എസ് കരഞ്ചിനുള്ളത്. ഐഎന്‍എസ് കല്‍വാരി, ഐഎന്‍എസ് ഖണ്ഡേരി എന്നിവയുടെ തുടര്‍ച്ചയാണിത്.

2005 ലാണ് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനായി കരാര്‍ ഒപ്പിടുന്നത്.2017 ഡിസംബറിലാണ് ഈ ശ്രേണിയിലെ ആദ്യത്തെ അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരി നാവികസേനയ്ക്ക് കൈമാറിയത്.

രണ്ടാമത്തെ അന്തര്‍വാഹിനിയായ ഐഎന്‍എസ് ഖണ്ഡേരിയുടെ നിര്‍മ്മാണം ഈ മാസം ആദ്യം പൂര്‍ത്തിയായി. പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തീകരിച്ച് ഈ വര്‍ഷം പകുതിയോടെ നാവികസേനയ്ക്ക് കൈമാറും.

2019 മധ്യത്തോടെയാകും ഐഎന്‍എസ് കരഞ്ച് നാവികസേനയുടെ ഭാഗമാകുക.
2020 ജൂണില്‍ ഈ ശ്രേണിയിലെ ആറാമത്തെ അന്തര്‍വാഹിനിയും നാവികസേനയുടെ ഭാഗമാകും.

ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലകളില്‍ ചൈനയുടെ സാന്നിദ്ധ്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം നാവിക സേനയെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കാന്‍ തീരുമാനമെടുത്തത്.

പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ ചൈന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഒരുക്കിയത് ഇന്ത്യയെ ലക്ഷ്യമിട്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2014 ല്‍ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് രണ്ട് ചൈനീസ് കപ്പലുകള്‍ സ്ഥിര സാന്നിധ്യമായതിനെ ഇന്ത്യ ചോദ്യം ചെയ്തിരുന്നു.ശ്രീലങ്കയിലെ ഹംബടോട തുറമുഖവും പാക്കിസ്ഥാനിലെ ഗ്വാഡര്‍ തുറമുഖവും നിര്‍മിക്കുന്നതിലും ചൈന സഹായിച്ചിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രധാന ഭാഗങ്ങളിലും മൗറീഷ്യസ്, സീഷെല്‍സ്, മഡഗാസ്‌കര്‍ തുടങ്ങിയ ദ്വീപ് രാഷ്ട്രങ്ങളോടടുത്തുള്ള ഭാഗങ്ങളിലും ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ സ്ഥിരമായി നിലയുറപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

നാവിക സേനയുടെ കരുത്ത് കൂട്ടാനുള്ള കൂടുതല്‍ നടപടികള്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും പുരോഗമിക്കുകയാണ്. 34 യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണം വിവിധ കപ്പല്‍ശാലകളില്‍ നടന്നുവരികയാണ്.40,000 കോടി രൂപയുടെ കപ്പല്‍ശാല വികസന പദ്ധതികളും നടന്നുവരുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button