ഹോസ്ദുര്‍ഗ്:പെരിയ ആയമ്പാറയില്‍ താഴത്ത് പള്ളം വീട്ടില്‍ സുബൈദയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായി. മോഷണ ശ്രമമായിരുന്നു കൊലപാതകത്തിന്റെ പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ബദിയടുക്ക സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൂട്ടുപ്രതിക്കായി വലവിരിച്ചതായി പോലീസ് പറയുന്നു.
ജനുവരി 19 നാണ് പെരിയ ആയമ്പാറയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സുബൈദയെ കൈകാലുകള്‍ ബന്ധിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സുബദയുമായി പരിചയമുളളവര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന സംശയമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. ഇവിടെ മേശപ്പുറത്ത് രണ്ട് ഗ്ലാസുകളിലായി നാരങ്ങാവെളളം കലക്കി വച്ചതിന്റെ ഡിഎന്‍എ പരിശോധനയാണ് പ്രതികളെ കുടുക്കിയത്. വീട്ടിനകത്ത് നിന്ന് ലഭിച്ച അടിവസ്ത്രം സുബൈദയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 65കാരിയായ സുബൈദയ്ക്ക് പ്രതികളെ നേരിട്ട് പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇവര്‍ വീട്ടിലെത്തിയത്. സുബൈദയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും പണവും അപഹരിച്ചതിനാല്‍ മോഷണം തന്നെയായിരുന്നു ലക്ഷ്യമെന്ന് ഹോസ്ദുര്‍ഗ് ഡിവൈഎസ്പി കെ.
ദാമോദരന്‍ പറയുന്നു. എന്നാല്‍ പ്രതിയുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. നാളെ രാവിലെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പെട്ടെന്നു തന്നെ രണ്ടാമത്തെ പ്രതിയും പിടിയിലാകുമെന്നും ഇതിനു ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്നും വിവരമുണ്ട്.
Post Your Comments