Latest NewsKeralaNews

പ്രവാസിയായ മലയാളി യുവാവിന്റെ ഐ.എസ് ബന്ധം : യു.എ.ഇ പൊലീസ് നാട്ടിലേയ്ക്ക് കയറ്റിവിട്ട യുവാവ് ക്രൈംബ്രാഞ്ചിന്റെ പിടിയില്‍

 

മലപ്പുറം: യു.എ.ഇയില്‍ നിന്നും സിറിയയിലേക്കു പോയി കാണാതായ മലയാളി യുവാവ് രണ്ട് വര്‍ഷത്തിന് ശേഷം പ്രത്യക്ഷമായി. യു.എ.ഇ പൊലീസ് പിടികൂടിയ യുവാവിനെ ഇന്ത്യയിലേക്ക് കയറ്റി വിട്ടു. തുടര്‍ന്ന് അന്വേഷണ സംഘം മുംബൈ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായി പന്നിയങ്കിരക്കടുത്ത, പയ്യാനക്കല്‍ ചക്കുംകടവ് പാരഡൈസ് കോളനിയിലെ മാളിയേക്കല്‍ അബ്ദുറഹിമാന്റെ മകന്‍ റിയാസുല്‍ റഹ്മാന്‍ എന്ന റിയാദിനെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സലീമിനാണ് അന്വേഷണ ചുമതല.

2015ല്‍ റിയാസുല്‍ റഹ്മാനെ യു.എ.ഇ യില്‍വച്ച് കാണാതായതിനു പിന്നാലെ യു എ ഇ പൊലിസ് ഐ.എസ് ബന്ധം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദുബായില്‍ താമസക്കാരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും യുഎഇ ജയിലിലടച്ച് നാട്ടിലേക്ക് കയറ്റി വിട്ടിരുന്നു. എന്നാല്‍ റിയാസിനെ കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. സിറിയയില്‍ ഐ.എസിനു വേണ്ടി യുദ്ധത്തില്‍ പങ്കെടുത്ത് റിയാസ് കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന അനുമാനത്തിലായിരുന്നു അന്വേഷണ സംഘങ്ങള്‍. ഇതിനിടെ യുഎഇയില്‍ വീണ്ടുമെത്തിയ റിയാസിനെ പിടികൂടി ജയിലിലടക്കുകയും നാട്ടിലേക്ക് കയറ്റി വിടുകയുമായിരുന്നു. യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.

 ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. എന്നാല്‍ കാണാതായ കാലയളവില്‍ എവിടെയായിരുന്നുവെന്ന് വ്യക്തതയില്ല. ഐ.എസ് ക്യാമ്പില്‍ പോയി തിരിച്ചെത്തിയതാകാമെന്നാണ് സംശയിക്കുന്നത്.

ഇരുപത്തി ആറുകാരനായ റിജു എന്ന റിയാബ് ജനിച്ചതും പഠിച്ചതും വളര്‍ന്നതുമെല്ലാം റാസല്‍ഖൈമയില്‍ ആയിരുന്നു. നാടുമായി കൂടുതല്‍ ബന്ധമില്ലാതിരുന്ന റിയാസ് ഏതാനും മാസങ്ങള്‍ മാത്രമാണ് നാട്ടില്‍ കഴിഞ്ഞിരുന്നത്. സമ്പന്ന കുടുംബത്തില്‍ ജനിച്ച റിയാബിന്റെ കുടുംബവും ബന്ധക്കളുമെല്ലാം അബൂദാബിയിലും റാസല്‍ഖൈമയിലുമായി ബിസിനസുള്ളവരായിരുന്നു.

റിയാസിനെ കാണാതായതോടെ ആദ്യം പരാതിയുമായി അബൂദാബി പൊലീസിനടുത്ത് സമീപിച്ചിരുന്നത് ബന്ധുക്കള്‍ തന്നെയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ റിയാസിന്റെ ഐ.എസ് ബന്ധം പുറത്തു വന്നുകൊണ്ടിരുന്നു. റിയാസിനെ കൂടാതെ റാസല്‍ഖൈമയില്‍ താമസിച്ചു പഠിച്ചിരുന്ന ബംഗ്ലാദേശിയായ ഇരുപത്തി മൂന്നുകാരന്‍ മുജാഹിദിനേയും കാണാതായിരുന്നു. കേസില്‍ റിയാസുല്‍ റഹ്മാന്‍ അറസ്റ്റിലായത് ഐ.എസ് കേസുകള്‍ക്ക് വഴിത്തിരിവാകുമെന്നാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button