പാലക്കാട്: പാലക്കാട് കുനിശ്ശേരിയില്‍ പെണ്‍കുഞ്ഞിനെ വിറ്റ സംഭവത്തില്‍ പോലീസിന്റെ പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കളും ഇടനിലക്കാരുമുള്‍പ്പെടെ അഞ്ച് പേരാണ് പ്രതികള്‍. തമിഴ്‌നാട് ഈ റോഡില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ കുഞ്ഞിനെ ശിശുഭവനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ നാല് ദിവസമായി തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് രാജന്‍, മാതാവ് ബിന്ദു, മുത്തശ്ശി വിജി, ഇടനിലക്കാരി സുമതി, കുട്ടിയെ വാങ്ങിച്ച ലക്ഷ്മണന്‍ എന്നിവരാണ് പ്രതികള്‍. ഇടനിലക്കാരിയായ സുമതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഈറോഡ് വെച്ച് ലക്ഷ്മണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ പിതാവ് രാജന് 122000 രൂപ .കൈമാറിയാണ് ലക്ഷ്മണന്‍ കുട്ടിയെ വാങ്ങിയത്.
മൂന്നാഴ്ച മുന്‍പാണ് സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ കുനിശ്ശേരി സ്വദേശികളായ ബിന്ദു – രാജന്‍ ദമ്പതികള്‍ അവരുടെ അഞ്ചാമത്തെ കുഞ്ഞിനെ വിറ്റത്. ശിശുക്ഷേമസമിതിയുടെ നിര്‍ദേശ പ്രകാരം കുട്ടിയെ മലമ്പുഴ ആനന്ദഭവനിലേക്ക് മാറ്റി. ഇവരുടെ മൂന്ന് കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലും ഒരു കുട്ടിയെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്. റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പോലീസ് ഉടന്‍ കോടതിയെ സമീപിക്കും.
Post Your Comments