വാഷിങ്ടൻ : 11 രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളുടെ വിലക്കു പിൻവലിക്കാൻ യുഎസ് തീരുമാനിച്ചു. എന്നാൽ അഭയാർഥികൾക്കു കൂടുതൽ കർശനമായ പരിശോധനകൾ ഏർപ്പെടുത്തും. ഏതെല്ലാമാണു 11 രാജ്യങ്ങൾ എന്നു യുഎസ് ഔദ്യോഗികമായി വ്യക്തമാക്കിയില്ല. എന്നാൽ ഉത്തര കൊറിയയും 10 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുമാണിവയെന്നാണു സൂചന. ഇവർക്കു കൂടുതൽ കർശനമായ സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി കുഴപ്പക്കാരെ യുഎസിൽ കുടിയേറുന്നതിൽ നിന്നു തടയുമെന്നു സുരക്ഷാ സെക്രട്ടറി ക്രിസ്റ്റിജൻ നീൽസൺ അറിയിച്ചു.
ട്രംപ് ഭരണകൂടം കഴിഞ്ഞ ഒക്ടോബറിൽ ഈജിപ്ത്, ഇറാൻ, ഇറാഖ്, ലിബിയ, മാലി, ഉത്തരകൊറിയ, സോമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങൾക്കാണു വിലക്കു പ്രഖ്യാപിച്ചിരുന്നത്. ഡോണൾഡ് ട്രംപ് പ്രസിഡന്റായ ശേഷം കഴിഞ്ഞ ഒരു വർഷമായി യുഎസ് അഭയാർഥികൾക്കെതിരെ കർശനമായ നിലപാടാണു സ്വീകരിച്ചിരുന്നത്. ബറാക് ഒബാമ പ്രസിഡന്റായിരുന്ന ഘട്ടത്തിൽ തലേവർഷം 110,000 അഭയാർഥികളെ യുഎസിൽ സ്വീകരിച്ചു. എന്നാൽ കഴിഞ്ഞവർഷം അവരുടെ എണ്ണം 53,000 ആയി ആദ്യം വെട്ടിക്കുറച്ചു. പിന്നീട് എണ്ണം വീണ്ടും 45,000 ആക്കി.
Post Your Comments