KeralaLatest NewsNews

ഗാന്ധിജിയുടെ ജീവിത സന്ദേശം പുതുതലമുറയുടെ മനസില്‍ കൊളുത്തി വയ്‌ക്കേണ്ട കടമ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു: മുഖ്യമന്ത്രി 

മഹാത്മാഗാന്ധിയുടെ ജീവിത സന്ദേശങ്ങള്‍ പുതുതലമുറയുടെ മനസില്‍ കൊളുത്തി വയ്ക്കാനുള്ള കടമ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തസാക്ഷ്യം 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നമുക്ക് ജാതിയില്ലാ വിളംബരവും സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വിവേകാനന്ദ സ്പര്‍ശവും സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് സമാനമായാണ് ഗാന്ധിജിയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് രക്തസാക്ഷ്യം സംഘടിപ്പിക്കുന്നത്. ഗാന്ധിജിയുടെ ജീവിതവും ജീവത്യാഗവും കൂടുതല്‍ പ്രസക്തമാവുന്ന കാലമാണിത്. ഗാന്ധിയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയെന്നത് മാനവരാശിയുടെ അതിജീവനം താത്പര്യപ്പെടുന്ന ഏതൊരു ഭരണകൂടത്തിന്റേയും ഉത്തരവാദിത്തമാണ്.

Read Also: മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വാശിപിടിച്ച്‌ കരയുന്ന കുട്ടി; വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റുന്നു

ഗാന്ധിജിയുടെ ജീവിതവും സന്ദേശവും പുതുതലമുറ അറിയണം. മതനിരപേക്ഷതയ്ക്കായി നിലകൊണ്ടതിനാലാണ് ഗാന്ധിജി വെടിയേറ്റു മരിക്കേണ്ടിവന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മാനുഷികാവകാശങ്ങള്‍ക്കൊപ്പം ഗാന്ധിജി നിലകൊണ്ടു. മാനവികതയില്‍ ഊന്നിയുള്ള അതിവിശാല കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. മനുഷ്യരാകെ ഒന്ന് എന്ന ബോധമാണ് ഗാന്ധിജിയെ നയിച്ചത്. വ്യക്തി, രാഷ്ട്രം, ലോകം എന്നിവയെ വെള്ളം കടക്കാത്ത അറയായി കാണുന്നതിനു പകരം ലോകം തന്നെ തറവാടെന്ന ദര്‍ശനമായിരുന്നു ഗാന്ധിജിയുടേത്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ചത് കളങ്കമില്ലാത്ത ആത്മീയതയായിരുന്നുവെങ്കില്‍ ഗോഡ്‌സെയുടേത് വിഷലിപ്തമായ കപട ആത്മീയതയായിരുന്നു. ഗാന്ധിജിയുടെ ആത്മീയതയെ കീഴടക്കാന്‍ ശ്രമിക്കുന്ന കപട ആത്മീയതയാണ് ഇന്നു കാണുന്നത്. ദേശീയതയുടെ മുഖാവരണമിട്ട് കപട ആത്മീയത നിറഞ്ഞാടുന്നു. ഇതിനെതിരെ വലിയ ജാഗ്രതയുണ്ടാവണം. കാര്യമായ ബോധവത്കരണം ഇതിന് ആവശ്യമാണ്. മതനിരപേക്ഷതയെന്ന വലിയ സന്ദേശമാണ് സമൂഹത്തില്‍ പടരേണ്ടത്. തൊട്ടുകൂടായ്മ ജീവിച്ചുകൂടായ്മയായി മാറിയ അവസ്ഥയാണിന്ന്. അതിനിഷ്ഠൂരമായി ദളിതരെ കൊലപ്പെടുത്തുന്നതും ഭേദ്യം ചെയ്യുന്നതുമായ വാര്‍ത്തകളാണ് ഇന്ന് കാണുന്നത്. സാവര്‍ദേശീയ ക്ഷേമബോധം വീണ്ടെടുക്കേണ്ടിയിരിക്കുന്നു.

Read Also: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നത്തെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നതിങ്ങനെ

ഗാന്ധിജി എല്ലാ മതങ്ങളെയും സമഭാവനയോടെയാണ് കണ്ടത്. പുതിയ കാലത്തെ പോരാട്ടങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഗാന്ധിജിയുടെ സന്ദേശങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജി, അംബേദ്കര്‍, കാറല്‍ മാര്‍ക്‌സ് എന്നിവരുടെ ആശയങ്ങളുടെ ഏകോപനമാണ് ഇന്നത്തെ ഇന്ത്യയ്ക്ക് ആവശ്യമെന്ന് ഗാന്ധി ദര്‍ശനവും സമകാലീന ഭാരതവും എന്ന വിഷയത്തില്‍ സംസാരിച്ച തുഷാര്‍ ഗാന്ധി പറഞ്ഞു. ഗോഡ്‌സെയുടെ ആശയങ്ങളെ നേരിടാന്‍ ഈ ഏകോപനം ആവശ്യമാണ്. നമ്മുടെയുള്ളില്‍ ഗാന്ധിജിയും ഗോഡ്‌സെയുമുണ്ട്. ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന തലത്തിലേക്ക് മനസുകള്‍ മാറണം. വെറുപ്പ്, കൊല, അക്രമം എന്നിവയില്‍ നിന്ന് മനസിനെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഉണ്ടാവണം. എതിരാളിയെപ്പോലും സ്‌നേഹിക്കുക എന്ന ഗാന്ധിയന്‍ ആശയത്തിന് പ്രാമുഖ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരന്‍, ടി. പി. രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡോ. ഡി. ബാബുപോള്‍, ബിനോയ് വിശ്വം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളായ പി. ഗോപിനാഥന്‍ നായര്‍, കെ. അയ്യപ്പന്‍ പിള്ള എന്നിവരെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button