NewsBUDGET-2018

ബജറ്റ് 2018 ; മുത്തലാഖ് ബില്ലിൽ കേന്ദ്രത്തിന്റെ തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേയും ഇന്ന് പാര്‍ലമെന്റില്‍ വയ്ക്കും. രാവിലെ 11ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. ഏപ്രില്‍ ആറു വരെയാണു ബജറ്റ് സമ്മേളനം. ഫെബ്രുവരി ഒന്‍പതിനു താത്കാലികമായി പിരിഞ്ഞതിനു ശേഷം മാര്‍ച്ച് അഞ്ചിനു വീണ്ടും ചേരും.

ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് പിന്തുണ ആവശ്യപ്പെട്ട് ഞായറാഴ്ച വിവിധ പാര്‍ട്ടി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി, അനന്ത് കുമാര്‍ എന്നിവര്‍ക്കൊപ്പം പ്രതിപക്ഷാംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നേതാക്കള്‍ക്കായി സ്പീക്കര്‍ സുമിത്ര മഹാജന്‍ അത്താഴവിരുന്നും ഒരുക്കിയിരുന്നു. ബജറ്റ് സമ്മേളനത്തിന് എല്ലാ പിന്തുണയും വിവിധ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചതായി സ്പീക്കര്‍ പറഞ്ഞു.

സിപിഐയുടെ ഡി.രാജയ്ക്കു ശേഷമാണ് മോദി സംസാരിച്ചത്. ‘രാജാവിനു ശേഷം പ്രജ’ എന്ന് സ്വയം വിശേഷിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. രാജ്യനന്മയ്ക്കു ചേര്‍ന്ന വിധം ക്രിയാത്മകമായ സമീപനമായിരിക്കണം സമ്മേളനത്തില്‍ വിവിധ പാര്‍ട്ടികള്‍ സ്വീകരിക്കേണ്ടതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പാര്‍ലമെന്ററി സമിതികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

മുത്തലാഖ് ബില്ലിനെപ്പറ്റി ചോദിച്ചപ്പോള്‍ എല്ലാ പാര്‍ട്ടികളുടെയും പിന്തുണ ഉറപ്പാക്കുമെന്നും ഇത്തവണ രാജ്യസഭയില്‍ ബില്‍ ഉറപ്പായും പാസാക്കുമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു. ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ രാജ്യസഭയുടെ പരിഗണനയിലാണ്.മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതുള്‍പ്പെടെ ഏതാനും വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത പ്രതിപക്ഷവും ഭരണപക്ഷത്തെ ടിഡിപി, ശിവസേന തുടങ്ങിയ കക്ഷികളും ബില്‍ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന നിലപാടു മാറ്റിയിട്ടില്ല.

വിവിധ പ്രതിപക്ഷ കക്ഷിനേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. ബിജെപി പാര്‍ലമെന്റി പാര്‍ട്ടി നിര്‍വാഹകസമിതി യോഗവും ഇന്ന് ചേരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button