Latest NewsNewsInternational

വിഷം ചേര്‍ത്ത ടൂത്ത് പേസ്റ്റ് : പൊട്ടിത്തെറിയ്ക്കുന്ന സെല്‍ഫോണുകള്‍ : റേഡിയേഷന്‍ വിഷം : ലോകത്തെ ഏറ്റവും അപകടകരവും ക്രൂരവുമായ ഈ രാഷ്ട്രത്തെ കുറിച്ച് വിവാദ പുസ്തകം

ടെല്‍ അവീവ് : വിഷമയമായ ടൂത്ത്‌പേസ്റ്റ്, ആയുധമേന്തിയ ഡ്രോണുകള്‍, പൊട്ടിത്തെറിക്കുന്ന സെല്‍ഫോണുകള്‍, റിമോട്ട് കണ്‍ട്രോള്‍ ബോംബുകള്‍ ഘടിപ്പിച്ച ടയറുകള്‍ – ഇതു ജയിംസ് ബോണ്ട് സിനിമയിലെ സന്നാഹങ്ങളല്ല. ഇസ്രയേലിന്റെ ആയുധശേഖരത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇസ്രയേലിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ റോണെന്‍ ബെര്‍ഗ്മാന്റെ പുതിയ പുസ്തകത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ്, സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് തുടങ്ങി ഇസ്രയേല്‍ സൈന്യത്തിലെ നിരവധിപ്പേരുമായി അഭിമുഖം നടത്തിയാണ് ‘റൈസ് ആന്‍ഡ് കില്‍ ഫസ്റ്റ്’ എന്ന പുസ്തകം ബെര്‍ഗ്മാന്‍ പുറത്തിറക്കിയിരിക്കുന്നത്.

അറുനൂറിലേറെ പേജുള്ള പുസ്തകത്തില്‍ ആയിരത്തോളം അഭിമുഖങ്ങളില്‍നിന്നും ആയിരക്കണക്കിനു രേഖകള്‍ പരിശോധിച്ചതില്‍നിന്നുമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തില്‍ ഇസ്രയേല്‍ കുറഞ്ഞത് 2,700 കൊലപാതക പദ്ധതികളും മറ്റും ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിച്ചു നടത്തിയിട്ടുണ്ടെന്നു പുസ്തകത്തില്‍ പറയുന്നു. ഇതില്‍ പലതും പരാജയപ്പെട്ടിട്ടുണ്ടെങ്കിലും മറ്റേതൊരു പാശ്ചാത്യ രാജ്യവുമായി തട്ടിച്ചുനോക്കിയാല്‍ ഇത്തരം ആയുധക്കോപ്പുകള്‍ ഇസ്രയേല്‍ ശേഖരിച്ചുകൊണ്ടേയിരിക്കുന്നു.

യുദ്ധസമയത്ത്, ശത്രു രാജ്യങ്ങളിലെ ശാസ്ത്രജ്ഞരെ ഇസ്രയേല്‍ കൊലപ്പെടുത്തിയിരുന്നതായി പുസ്തകം പറയുന്നു. അര ഡസനോളം ഇറാനിയന്‍ ആണവശാസ്ത്രജ്ഞരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. സൈനികമായി ആക്രമിച്ച് ശത്രുരാജ്യത്തെ പരാജയപ്പെടുത്തുന്നതിനു പകരം അവരുടെ പ്രതിഭാധനരെ വധിക്കുന്നതുള്‍പ്പെടെയുള്ള പരോക്ഷ യുദ്ധമാണ് ഇസ്രയേല്‍ ചെയ്തുവന്നിരുന്നത്.

മാത്രമല്ല, പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തിനെ ‘റേഡിയേഷന്‍ വിഷം’ ഉപയോഗിച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയതാണെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തലുണ്ട്. മുന്‍പും ഇതേ ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും അവയെല്ലാം ഇസ്രയേല്‍ നിഷേധിച്ചിരുന്നു. 2004ല്‍ അറാഫത്ത് മരിച്ചത് ഇസ്രയേലിന്റെ നീക്കങ്ങളുടെ ഫലമാണെന്നും ബെര്‍ഗ്മാന്‍ പറയുന്നു. എന്നാല്‍ എന്തുനീക്കങ്ങളാണു നടത്തിയതെന്നു ബെര്‍ഗ്മാന്‍ വെളിപ്പെടുത്തുന്നില്ല. ഇസ്രയേലിലെ സൈനിക സെന്‍സര്‍ഷിപ് അതു വെളിപ്പെടുത്തുന്നതില്‍നിന്നു തന്നെ തടയുന്നുവെന്നു ബെര്‍ഗ്മാന്‍ വ്യക്തമാക്കുന്നു.

യഹൂദരുടെ നിയമഗ്രന്ഥമായ തല്‍മൂദിലെ പ്രബോധനത്തില്‍നിന്നുള്‍ക്കൊണ്ട ആശയമാണ് പുസ്തകത്തിന്റെ പേരായി മാറിയത്. ‘ആരെങ്കിലും നിന്നെ കൊലപ്പെടുത്താന്‍ വന്നാല്‍ ഉയിര്‍ത്തെഴുന്നേറ്റ് അവരെ ആദ്യം കൊല്ലുക’ എന്നാണ് പ്രബോധനം പറയുന്നത്. പുസ്തകവുമായി ബന്ധപ്പെട്ട് സംസാരിച്ച പലരും തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ ഈ പ്രബോധനമാണ് കൂട്ടുപിടിച്ചതെന്നും തല്‍മൂദ് ബെര്‍ഗ്മാന്‍ വ്യക്തമാക്കി. സൈന്യത്തിന്റെ അഭിഭാഷകനും ഈ പ്രബോധനത്തെ കൂട്ടുപിടിച്ചു സ്വയം ന്യായീകരിച്ചതായി ബെര്‍ഗ്മാന്‍ പറയുന്നുണ്ട്.

പുസ്തകത്തിലേക്കു വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മുന്‍ പ്രധാനമന്ത്രിമാരായ എഹൂദ് ബാറാക്കും എഹൂദ് ഒല്‍മെര്‍ട്ടും ഉള്‍പ്പെടെയുള്ളരുമായും ബെര്‍ഗ്മാന്‍ സംസാരിച്ചിരുന്നു. എന്നാല്‍ ബെര്‍ഗ്മാനെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍നിന്നു വിലക്കാനും ശ്രമങ്ങളുണ്ടായി. വിവരങ്ങള്‍ കൈമാറരുതെന്നു ചാരസംഘടനകള്‍ പല ഏജന്റുമാരോടും ആവശ്യപ്പെട്ടു. 2010ല്‍ ബെര്‍ഗ്മാന്റെ ഗവേഷണവും മറ്റും തടസ്സപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ചാരസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.

സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം ഇസ്രയേലിന്റെ പല സാങ്കേതികവിദ്യകളും യുഎസ് സ്വീകരിച്ചു. ബറാക്ക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ നിരവധിപ്പേരെ ലക്ഷ്യമിട്ടുള്ള കൊലപാതക പദ്ധതികളും തയാറാക്കി. യുഎസിന്റെയും സഖ്യകക്ഷികളുടെയും കൈവശമുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍, യുദ്ധമുറികള്‍, വിവരങ്ങള്‍ കണ്ടെത്താനുള്ള വഴികള്‍, പൈലറ്റില്ലാ വിമാനങ്ങളുടെ സാങ്കേതിക വിദ്യ തുടങ്ങിയ പലതും ഇസ്രയേല്‍ വികസിപ്പിച്ചെടുത്തവയാണ്.

അതേസമയം, വിവിധ ചാരസംഘടനകളെക്കുറിച്ചും അവരുടെ തന്ത്രങ്ങളെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 1970കളില്‍ വിവിധ രാജ്യങ്ങളിലായി നൂറുകണക്കിനു കമ്പനികള്‍ മൊസാദ് രൂപീകരിച്ചിരുന്നു. എന്നെങ്കിലും എവിടെയെങ്കിലും സഹായകരമാകുമെന്ന വിലയിരുത്തലിലായിരുന്നു ഇത്. അന്നു രൂപീകരിച്ച മധ്യപൂര്‍വേഷ്യ കപ്പല്‍ ബിസിനസ് പിന്നീട് യെമന്‍ കടലില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തിനു വളരെ സഹായകമായെന്നും പുസ്തകത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button