കോട്ടയം: അഴിമതി നടത്തിയും ആഢംബരം കാട്ടിയും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് മാത്തച്ചന്‍ പാമ്പാടി എന്ന പഞ്ചായത്ത് പ്രസിഡന്റ്. ‘മാത്തച്ചന്‍ പാമ്പാടി’ എന്നറിയപ്പെടുന്ന പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് തോമസ് ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് സൈക്കിള്‍ ഔദ്യോഗിക വാഹനം ആക്കിയതിന്റെ പേരിലാണ്. അതെ, സൈക്കിള്‍. ഹാന്റിലിന് മുകളില്‍ ഒരു ബോര്‍ഡും. ചുവപ്പില്‍ വെള്ള അക്ഷരങ്ങള്‍ ‘പ്രസിഡന്റ് , ഗ്രാമപഞ്ചായത്ത് പാമ്പാടി’ എന്ന്. റോഡിലൂടെയും ഇടവഴികളിലൂടെയും അതങ്ങനെ സഞ്ചരിക്കും. വെളുക്കുമ്പോള്‍ മുതല്‍ ഇരുട്ട് കനക്കുന്നത് വരെ. നാട്ടിലെ പ്രശ്‌നങ്ങളിലൊക്കെ ഇടപെടും. പരിഹാരം കാണും.
ഉയര്‍ന്നുവരുന്ന പെട്രോള്‍ വിലയോടുള്ള പ്രതിഷേധമായാണ് ഫിലിപ്പോസിന്റെ ഈ സൈക്കിള്‍ യാത്ര. എന്നാല്‍ ഇതുമാത്രമല്ല വേറെയുമുണ്ട് ഫിലിപ്പോസിന്റെ സൈക്കിള്‍ പ്രേമത്തിനുള്ള കാരണങ്ങള്‍. ചെറുപ്പം മുതലേ സൈക്കിള്‍ ഓടിക്കാന്‍ ഇഷ്ടമായിരുന്നു. പക്ഷേ പതിനേഴാമത്തെ വയസ്സില്‍ കോളജില്‍ പോകുമ്പോഴാണ് സ്വന്തമായൊരു സൈക്കിള്‍ വാങ്ങുന്നത്. പിന്നെ സ്ഥിരം കോളജില്‍ പോകുന്നതും വരുന്നതുമെല്ലാം സൈക്കിളിന്മേലായിരുന്നു. ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും. സിഎംഎസ് കോളേജില്‍ ഫിസിക്‌സായിരുന്നു പഠിച്ചതെങ്കിലും പിന്നീട് പൊതു പ്രവര്‍ത്തനത്തിലേക്ക് പൂര്‍ണമായും മാറി. പതിയെ സൈക്കിളും വീടിന്റെ പിന്നാമ്പുറത്തേയ്ക്ക് മാറ്റപ്പെട്ടു.
കെഎസ്യു വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി. ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റും പാമ്പാടി പഞ്ചായത്ത് പ്രസിഡന്റുമാണ്. തന്റെ പൊതു പ്രവര്‍ത്തനം ഓഫീസ് സമയം കൊണ്ട് അവസാനിപ്പിക്കാന്‍ ഫിലിപ്പോസ് തയ്യാറല്ല. ഗവണ്‍മെന്റ് ഡ്രൈവര്‍ അഞ്ച് മണിയാകുമ്പോള്‍ പോകും. ഡ്രൈവിംഗ് അറിയാത്തതുകൊണ്ട് തന്നെ മറ്റാരെയെങ്കിലും ആശ്രയിക്കേണ്ടി വരും. അത് അത്ര എളുപ്പമല്ല. സമയവും നഷ്ടമാണ്. അതുകൊണ്ട് തന്നെ സ്വന്തമായി പോകാന്‍ സൈക്കിള്‍ മതിയെന്ന് ഫിലിപ്പോസ് തീരുമാനിക്കുകയായിരുന്നു.
Post Your Comments