വാഷിങ്ടന്‍ : ലോകാവസാനത്തിന്റെ അര്‍ധരാത്രിയാകാന്‍ ഘടികാരത്തില്‍ ഇനി രണ്ടേ രണ്ടു മിനിറ്റ് മാത്രം. ആണവായുധങ്ങളും യുദ്ധങ്ങളുമായി മനുഷ്യര്‍ ഭൂമിയില്‍ സര്‍വനാശം വിതയ്ക്കുന്നതിന്റെ തോതളക്കാനുള്ള പ്രതീകാത്മക ഘടികാരത്തിന്റെ സൂചികളാണ് അപായസൂചന നല്‍കുന്നത്. ലോകാവസാന ഭീഷണിയെപ്പറ്റി ഓര്‍മപ്പെടുത്തുന്നതു ഷിക്കാഗോ ആസ്ഥാനമായുള്ള ബുളറ്റില്‍ ഓഫ് അറ്റോമിക് സയന്റിസ്റ്റ്‌സ് കൂട്ടായ്മയിലെ ശാസ്ത്രജ്ഞര്‍.
അര്‍ധരാത്രിയാകാന്‍ രണ്ടു മിനിറ്റും മുപ്പതു സെക്കന്‍ഡുമെന്ന അവസ്ഥയിലായിരുന്നു ഘടികാരസൂചികള്‍ ഇതുവരെ. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും സൂചിപ്പിക്കുന്ന പ്രവചനാതീത സാഹചര്യവുമാണു ഘടികാര സൂചികള്‍ 30 സെക്കന്‍ഡ് മുന്നോട്ടാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശാസ്ത്രജ്ഞ സംഘടനയുടെ സിഇഒ റേച്ചല്‍ ബ്രോന്‍സന്‍ പറഞ്ഞു. ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ചൈനയും പാക്കിസ്ഥാനും ഇന്ത്യയും കാണിക്കുന്ന ആവേശത്തെയും ബ്രോന്‍സന്‍ വിമര്‍ശിച്ചു. ആണവയുദ്ധഭീഷണി ഇല്ലാതാക്കുന്നതില്‍ ലോകനേതാക്കള്‍ പരാജയപ്പെട്ടെന്നും വിലയിരുത്തി.
അന്ന്
65 വര്‍ഷം മുന്‍പ് യുഎസും സോവിയറ്റ് യൂണിയനും മല്‍സരിച്ച് ഹൈഡ്രജന്‍ ബോംബ് പരീക്ഷണങ്ങള്‍ നടത്തിയ 1953ല്‍, അര്‍ധരാത്രിക്ക് രണ്ടു മിനിറ്റ് ശേഷിപ്പിച്ചു ഘടികാരസൂചികള്‍ ക്രമീകരിച്ചിരുന്നു.
പിന്നോട്ടാക്കാന്‍
ഘടികാരം പിന്നോട്ടാക്കാന്‍ ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്ന ചില കാര്യങ്ങള്‍: ഉത്തര കൊറിയയെ ഉന്നമിട്ടുള്ള ട്രംപിന്റെ അധികപ്രസംഗം നിര്‍ത്തുക; ചര്‍ച്ചകള്‍ക്കായി യുഎസും ഉത്തര കൊറിയയും വാതിലുകള്‍ തുറന്നിടുക; ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങള്‍ക്കു മൂക്കുകയറിടാന്‍ ലോകം ഒറ്റക്കെട്ടായി മാര്‍ഗം കണ്ടെത്തുക.
ലോകാവസാന ഘടികാരം
ഘടികാരസൂചികള്‍ അര്‍ധരാത്രിക്ക് ഏഴു മിനിറ്റ് കൂടിയെന്ന നിലയില്‍ 1947 ലാണു ലോകാവസാന ഘടികാരം (Doomsday Clock) നിലവില്‍വന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തി ഘടികാരസൂചികളുടെ സ്ഥാനം നിര്‍ണയിക്കുന്നത് ബുളറ്റില്‍ ഓഫ് അറ്റോമിക് സയന്റിസ്റ്റ്‌സിലെ പ്രത്യേക സമിതി. ഇതില്‍ 15 നൊബേല്‍ ജേതാക്കളുമുണ്ട്.
മാനവരാശിയുടെ നിലനില്‍പ്പു നേരിടുന്ന ഭീഷണിയുടെ അപകടകരമായ അവസ്ഥ സൂചിപ്പിക്കുന്ന അളവുകോലാണു ‘ഡൂംസ്‌ഡേ ക്ലോക്ക്’. ആണവ ഭീഷണിയും കാലാവസ്ഥാ വ്യതിയാനവും മൂലം വന്നുചേരാവുന്ന മഹാദുരന്തത്തെ അര്‍ധരാത്രി (12 മണി) എന്നാണു ക്ലോക്കില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷം സൂചി മുന്നോട്ടാക്കാന്‍ കാരണമായതു നാലു തവണ- ഇരുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് 1968ല്‍; ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും വിസമ്മതിച്ച 1969 ല്‍; ഇന്ത്യ, പാക്കിസ്ഥാന്‍ അണവ പരീക്ഷണങ്ങള്‍ നടന്ന 1974 ലും 1998 ലും.
Post Your Comments