തിരുവനന്തപുരം: എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് തീര്‍പ്പാക്കരുതെന്ന് ഹര്‍ജി. തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് സ്വകാര്യ ഹര്‍ജി നല്‍കിയത്. പരാതിക്കാരി മൊഴി മാറ്റിയത് പേടികൊണ്ടാണെന്ന് മഹാലക്ഷ്മി ഹര്‍ജിയില്‍ പറയുന്നു. യുവതിയുടെ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. അതേസമയം ശശീന്ദ്രനെതിരായ കേസ് വിധി പറയാന്‍ മാറ്റിവച്ചു. കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
കേസില്‍ എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിയായിരിക്കെ ഓഫീസില്‍ വച്ച് തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു. ഫോണിലൂടെ അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് ശശീന്ദ്രനാണോ എന്നുറപ്പില്ലെന്നും യുവതി പറഞ്ഞു.
ഫോണ്‍കെണി വിവാദവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി മാധ്യമ പ്രവര്‍ത്തക പിന്‍വലിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയില്‍ പ്രതികരണം തേടിയെത്തിയ സ്വകാര്യ ചാനല്‍ പ്രവര്‍ത്തക തന്നോട് മന്ത്രിയായിരുന്ന ശശീന്ദ്രന്‍ മോശമായി പെരുമാറിയെന്നും അശ്ലീല പദപ്രയോഗം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഫോണ്‍ വിളിച്ചും മോശമായി സംസാരിച്ചെന്ന് ആരോപിച്ചിരുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ യുവതി നല്‍കിയ പരാതിയിലാണ് ശശീന്ദ്രനെതിരെ കേസെടുത്തത്.
Post Your Comments