Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ബിനോയ് കൊടിയേരിയുടെ കേസിൽ സംഭവിച്ചത് : മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് തുറന്നെഴുതുന്നു

സി.പി.എം സംസ്ഥാന സെക്രട്ടറി ശ്രീ.കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സ്വത്ത് തർക്കകേസിൽ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സി.പി.എം നേതാക്കൾക്കോ മക്കൾക്കോ ബിസിനസ് നടത്താൻ പാടില്ല എന്നൊരു നിയമം നമ്മുടെ നാട്ടിലില്ല. പോസ്റ്ററൊട്ടിക്കുന്ന സാധാരണ പാർട്ടി പ്രവർത്തകർക്കൊന്നും എത്തിപ്പിടിക്കാനാവാത്ത വലിയൊരു കമ്പനിയുടെ വൈസ് പ്രസിഡണ്ട് പദവിയിലേക്ക് പാർട്ടി സെക്രട്ടറിയുടെ തേരാ പാരാ നടന്നിരുന്ന മകൻ എങ്ങിനെ എത്തിപ്പെട്ടു എന്നൊന്നും ഞാൻ ചോദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സി.പി.എം സംസ്ഥാന സെക്രട്ടറി ശ്രീ.കൊടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസാണല്ലോ ഇപ്പോൾ ചർച്ചാ വിഷയം. ഇത്തരമൊരു ആരോപണം ഉയർന്നപ്പോൾ, പലരും ഭാവനകൾക്കനുസരിച്ച് വാർത്തകളുണ്ടാക്കിയത് കൊണ്ട് യഥാർത്ഥ പ്രശ്നം ചർച്ച ചെയ്യപ്പെടാതെ പോവുകയാണ്. അദ്ദേഹത്തെ ഇന്റർപോൾ തെരയുന്നു എന്നും യു.എ.ഇ യിലേക്ക് പറക്കാനാവില്ല എന്നും അവിടെയെത്തിയാൽ അറസ്റ്റ് ചെയ്യും എന്നൊക്കെയുള്ള വാർത്തകൾ ഇപ്പറഞ്ഞതിൽ ചിലത് മാത്രമാണ്.

സി.പി.എം നേതാക്കൾക്കോ മക്കൾക്കോ ബിസിനസ് നടത്താൻ പാടില്ല എന്നൊരു നിയമം നമ്മുടെ നാട്ടിലില്ല. പോസ്റ്ററൊട്ടിക്കുന്ന സാധാരണ പാർട്ടി പ്രവർത്തകർക്കൊന്നും എത്തിപ്പിടിക്കാനാവാത്ത വലിയൊരു കമ്പനിയുടെ വൈസ് പ്രസിഡണ്ട് പദവിയിലേക്ക് പാർട്ടി സെക്രട്ടറിയുടെ തേരാ പാരാ നടന്നിരുന്ന മകൻ എങ്ങിനെ എത്തിപ്പെട്ടു എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. അതൊക്കെ നിങ്ങളുടെ അഭ്യന്തര കാര്യം.

പക്ഷേ സി.പി.എമ്മുകാർ ഒറ്റക്കാര്യം ചെയ്യണം. നിങ്ങളുടെ പ്ലീനം അങ്ങിനെ തീരുമാനിച്ചിട്ടുണ്ട് ഇങ്ങിനെ തീരുമാനിച്ചിട്ടുണ്ട് എന്നൊക്കെയുള്ള തള്ളലുണ്ടല്ലോ, നേതാക്കൾ മാത്രമല്ല അവരുടെ കുടുംബവും സുതാര്യമാവണം, കളങ്കിതരുമായി ബന്ധം പാടില്ല എന്നൊക്കെയുള്ള തളളലുണ്ടല്ലോ!? അതങ്ങ് നിർത്തണം. അതായത് അധികം പ്രത്യയശാസ്ത്ര ഡക്കറേഷനൊന്നും വേണ്ട, സി.പി.ഐ.എം അത്ര മതി.

ഇനി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ കൊടിയേരിയുടെ മകന് പിന്തുണയുമായി വന്നത് കൊണ്ട് കേസിന്റെ മെറിറ്റിനെ കുറിച്ചും പറയാം. യു. എ.ഇ യിൽ ഒരു ചെക്ക് മടങ്ങിയാൽ പരാതിക്കാരൻ പോസിക്യൂഷനെ സമീപിക്കണം. ഉടനെ ചെക്ക് നൽകിയ ആളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. പ്രതി കുറ്റം സമ്മതിച്ചാൽ കോടതി ഫൈൻ വിധിക്കും (മുമ്പ് തടവ് ശിക്ഷയുമുണ്ടായിരുന്നു). ഫൈൻ അടച്ചാൽ പ്രതി കുറ്റ വിമുക്തനാകും. അയാൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലാത്തത് കൊണ്ട് ഇത്തരം കേസുകളിൽ പെട്ടവർ ഫൈനടച്ച് നാട്ടിലേക്ക് മുങ്ങും.
പരാതിക്കാരന് പണം തിരികെ ലഭിക്കണമെങ്കിൽ അയാൾ വേറെ സിവിൽ കേസ് ഫയൽ ചെയ്യണം. എതിർ കക്ഷി യു.എ.ഇ യിൽ ഇല്ലെങ്കിൽ ഇത് തീർപ്പാവാൻ വലിയ പ്രയാസമാണ്.

ബിനോയി കൊടിയേരിയുടെ കേസിൽ സംഭവിച്ചത് മുകളിൽ പറഞ്ഞ പ്രകാരമാണ്. പ്രതി കുറ്റം സമ്മതിച്ചത് കൊണ്ട് 60,000 ദിർഹം പിഴ അടച്ച് നാട്ടിലേക്ക് പോന്നു (മുങ്ങി). ഇനി പരാതിക്കാർ സിവിൽ കേസ് കൊടുക്കണം. പരാതി കൊടുത്താൽ ട്രാവൽ ബാൻ ഉണ്ടാവും. ട്രാവൽ ബാൻ എന്ന് പറഞ്ഞാൽ ഇവിടെ നിന്ന് യു.എ.ഇ യിലേക്ക് യാത്ര ചെയ്യുന്നതിനല്ല. ഒരു ഡിഫി നേതാവ് ചാനലിരുന്ന് വെല്ലുവിളിക്കുന്നത് കണ്ടു ബിനോയിയുടെ കൂടെ ആർക്ക് വേണമെങ്കിലും ദുബായിലേക്ക് യാത്ര ചെയ്യാം അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ല എന്ന്. ഇതിന് വെല്ലുവിളിക്കാനായി ഒന്നുമില്ല. പരാതി കൊടുത്താൽ കേസ് തീരുന്നത് വരെ യു.എ.ഇയിൽ നിന്നും പുറത്ത് പോകാനാവില്ല. അത്രയേ ഉള്ളൂ.

ഇതൊക്കെ അറിയാവുന്നത് കൊണ്ടായിരിക്കും പരാതിക്കാർ പാർട്ടി നേതൃത്വത്തിന് പരാതി കൊടുത്ത് സമ്മർദ്ദ തന്ത്രം പ്രയോഗിച്ചത്‌. അതവിടെ നിൽക്കട്ടെ.
പാർട്ടി നേതാക്കൻമാരുടെ മക്കൾക്ക് മുതലാളിമാരുമായി ബന്ധമുണ്ടാകുകയോ പണം കൊടുക്കാനുണ്ടാവുകയോ കൊടുക്കാതിരിക്കുകയോ എന്തുമാവട്ടെ അതൊന്നും നമ്മെ ബാധിക്കുന്ന പ്രശ്നമല്ല. ഈ ബന്ധം കൊണ്ട് പൊതുജനത്തിന് എന്തെങ്കിലും നഷ്ടമുണ്ടോ എന്നതാണ് പ്രധാനം!

ഉദാഹരണത്തിന് കോഴിക്കോട് മാവൂർ റോഡിലുള്ള രാവീസ് ഹോട്ടലിന് ബാർ ലൈസൻസ് കിട്ടണം. 200 മീറ്റർ ദൂരപരിധിയിൽ ആരാധനാലയങ്ങളുള്ളത് കൊണ്ട് പക്ഷേ ലൈസൻസ് അനുവദിക്കാനാവില്ല. അപ്പോ പാർട്ടി സെക്രട്ടറിയുമായും മക്കളുമായും ആർ പി ഗ്രൂപ്പിന് ബന്ധമുള്ളത് കൊണ്ട് (ദുബായിലെ പ്രശ്നം തീർക്കാൻ ആദ്യ ഗഡു കൊടുത്തതും ഈ മുതലാളിയാണത്രേ!) 200 മീറ്റർ ദൂര പരിധി 50 മീറ്ററായി കുറച്ച് കൊണ്ട് ഉത്തരവിറക്കുന്നു. ഇത് പ്രശ്നമാണ്. പൊതുജനത്തെ ബാധിക്കുന്നതാണ്.

അടുത്തത്, വർഷങ്ങളായി സംസ്ഥാന സർക്കാർ കേസ് നടത്തിക്കൊണ്ടിരിക്കുന്ന കോവളം കൊട്ടാരം ഇതേ മുതലാളിക്ക് കൈമാറാൻ മന്ത്രി സഭാ യോഗം തീരുമാനമെടുക്കുന്നു. ഇത് പ്രശ്നമാണ്. പൊതു ജനത്തെ ബാധിക്കുന്നതാണ്.

കോഴിക്കോട് ആർ.പി മാളിന് കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമായി അനുമതി കൊടുക്കുന്നത്; കൊല്ലത്തെ രാവീസ് ഹോട്ടലിന് തീരദേശ സംരക്ഷണ നിയമം ലംഘിച്ചുവെന്ന പരാതിയിൽ അന്വേഷണം പോലും നടത്താതിരിക്കുന്നത്- ഇതൊക്കെ പ്രശ്നമാണ്. പൊതുജനത്തെ ബാധിക്കുന്നതാണ്.

പാർട്ടി നേതാക്കളും മക്കളുമൊക്കെ ഉണ്ടാക്കുന്ന ഇടപാടുകൾക്ക് സർക്കാർ സംവിധാനം ദുരുപയോഗിക്കുകയോ പൊതുമുതൽ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നുണ്ടോ എന്നതാണ് യഥാർത്ഥത്തിൽ ഗൗരവമേറിയ പ്രശ്നം. മറിച്ച് ഫാരിസ് അബൂബക്കറിന്റെയും ലിസ് ചാക്കോയുടെയും സാന്റിയാഗോ മാർട്ടിന്റെയുമൊക്കെ കാലത്ത് കമ്മ്യൂണിസ്റ്റ് ധാർമ്മികതയൊക്കെ ചർച്ച ചെയ്യുന്നത് വേയ്സ്റ്റാണ്. വെറും വേയ്സ്റ്റ്!!

shortlink

Related Articles

Post Your Comments

Related Articles


Back to top button