Latest NewsCricketNewsSports

അണ്ടര്‍ 19 ലോകകപ്പ്; ശക്തരായ ന്യൂസിലാണ്ടിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ സെമിയില്‍

ക്രിസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ശക്തരായ ന്യൂസിലാണ്ടിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ സെമിയില്‍ ഇടം പിടിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 309 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് പടയുടെ ഇന്നിംഗ്‌സ് 28.1 ഓവറില്‍ 107 റണ്‍സില്‍ അവസാനിച്ചു.

മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്‌സിന് അടിത്തറയായത്. റഹമ്മദുള്ള ഗുര്‍ബാസ് 67 പന്തില്‍ 69 റണ്‍സും ഇബ്രാഹിം സദ്രാന്‍ 98 പന്തില്‍ 68 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 117 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീടെത്തിയ ബാഹിര്‍ ഷാ (72 പന്തില്‍ പുറത്താകാതെ 67), അസ്മത്തുല്ല ഒമര്‍സായ് (23 പന്തില്‍ 66) എന്നിവര്‍ക്കൂടി മികച്ച കളി പുറത്തെടുത്തതോടെ ടീം ടോട്ടല്‍ 309ല്‍ എത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് പടയ്ക്ക് അഫ്ഗാന്‍ സ്പിന്നേഴ്‌സിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ടു റണ്‍സ് ഉള്ളപ്പോള്‍ ആതിഥേയരുടെ ആദ്യ വിക്കറ്റ് നഷ്ടമായി. നാലാം ഓവറില്‍ 20 റണ്‍സ് തികച്ചപ്പോഴേക്കും കിവീസിന്റെ നാല് താരങ്ങള്‍ പവലിയനില്‍ മടങ്ങിയെത്തി. 56 പന്തില്‍ 38 റണ്‍സെടുത്ത ക്ലാര്‍ക്കാണ് ടോപ് സ്‌കോറര്‍. ഫിലിപ്സ് 31 റണ്‍സെടുത്തു. അഫ്ഗാനിസ്ഥാനായി മുജീബ് സദ്രാന്‍, ഖായിസ് അഹമ്മദ് എന്നിവര്‍ നാലു വിക്കറ്റ് വീതം വീഴ്ത്തി.

shortlink

Post Your Comments


Back to top button